തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂകൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമായി. ഈ അധ്യയന വർഷം മാത്രം 850 ഓളം എൽപി, യുപി സ്‌കൂൾ അധ്യാപക തസ്തികകൾ ഇല്ലാതാകുമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിദ്യാഭ്യാസ ഉപ ഡയറക്ടർമാരിൽ നിന്ന് ലഭിച്ച കണക്കുകൾ അടിസ്ഥാനമാക്കി തയാറാക്കിയ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി. ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം പാലക്കാട് 140, മലപ്പുറം 136, കൊല്ലം 128, കോഴിക്കോട് 77, തൃശൂർ 66, ആലപ്പുഴ 65, വയനാട് 56, എറണാകുളം 45, ഇടുക്കി 26, കണ്ണൂർ 20, കോട്ടയം 18, പത്തനംതിട്ട 15 തസ്തികകളാണ് നഷ്ടപ്പെടുന്നത്.
തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ 100ൽ അധികം തസ്തികകൾ കൂടി കുറയാൻ സാധ്യതയുണ്ടെന്നും എന്നാൽ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കാരണം: ഒന്നാം ക്ലാസ് പ്രവേശനം കുറഞ്ഞു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതാണ് പ്രധാന കാരണം. 2024-25 അധ്യയന വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂകൂളുകളിലായി 35,77,837 വിദ്യാർത്ഥികളുണ്ടായിരുന്നു.
2026-27ൽ ഇത് 34,11,198 ആയി കുറഞ്ഞു. ഈ വർഷം മാത്രം ഒന്നാം ക്ലാസ് പ്രവേശനത്തിൽ 31,227 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
PSC റാങ്ക് ലിസ്റ്റിലെ ആയിരങ്ങൾക്ക് തിരിച്ചടി
PSC റാങ്ക് ലിസ്റ്റിൽ ഇടം നേടി നിയമനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകൾക്കാണ് ഇത് തിരിച്ചടിയാകുന്നത്. ഒഴിവുകൾ ഉണ്ടാകാത്തതിനാൽ എൽപി, യുപി വിഭാഗങ്ങളിലെ നിയമനം നിലവിൽ നിലച്ചിരിക്കുകയാണ്.
തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ SSAയിലും അനുബന്ധ സ്ഥാപനങ്ങളിലും പുനർവിന്യസിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും എല്ലാവർക്കും അവസരം ലഭിക്കുമെന്ന ഉറപ്പില്ല.
അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കാൻ നിർദേശം
നിലവിലുള്ള അധ്യാപകരെ സ്‌കൂളുകളിൽ നിലനിർത്തണമെങ്കിൽ അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി മന്ത്രിയെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നടത്തണമെങ്കിലും ഇതേ നിർദേശം നടപ്പാക്കേണ്ടി വരും.
സർക്കാർ ഹൈസ്‌കൂളുകളിലെ തസ്തിക നഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എൽപി, യുപി വിഭാഗങ്ങളെ അപേക്ഷിച്ച് ഹൈസ്കൂളുകളിൽ നഷ്ടം കുറവായിരിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എയ്ഡഡ് സ്കൂകൂളുകളിലെ തസ്തിക നിർണയം പൂർത്തിയായ ശേഷമേ സർക്കാർ, എയ്‌ഡഡ് മേഖലകളിലെ ആകെ നഷ്ടത്തിൻ്റെ കൃത്യമായ കണക്ക് ലഭ്യമാകൂ.



0 Comments