LATEST

6/recent/ticker-posts

Header Ads Widget

ഹണി റോസിനെതിരായ പരാമർശം; പരസ്യമായി ക്ഷമാപണം നടത്തി ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥന

 


നടി ഹണി റോസിനെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായി ബോബി ചെമ്മണൂർ. തന്റെ പ്രസ്ത‌ാവനകൾ നടിക്കും കുടുംബത്തിനും വലിയ രീതിയിൽ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും, ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള നിയമനടപടികൾ ഹണി റോസ് പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ബോബി ചെമ്മണൂർ ക്ഷമാപണം നടത്തിയത്.


എല്ലാവരോടും സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂർവം വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നൽകിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് കേസ് പിൻവലിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങൾക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂർ വ്യക്തമാക്കി. "എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാർഥത്തിൽ ഞാൻ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. ഞാൻ ഒരിക്കലും മനഃപൂർവം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്‌തിട്ടില്ല, ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും ശ്രമിക്കാറുമുണ്ട്. ഞാൻ എപ്പോഴെങ്കിലും സോഷ്യൽ മീഡിയയിൽ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാൽ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്‌തതല്ല.


ഹണി റോസിനെക്കുറിച്ച് ഞാൻ നടത്തിയ പ്രസ്ത‌ാവനകൾ അവർക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഞാൻ വരുത്തിവച്ച ബുദ്ധിമുട്ടുകൾക്ക് ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിൻ്റെയും പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നുവെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾക്കെതിരെ ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയതാണ് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായത്. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂർ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.

Post a Comment

0 Comments