ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ എണ്ണ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവ നിയന്ത്രണത്തോടെ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനായി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, കാർപൂളിംഗ് നടത്തുക, വർക്ക് ഫ്രം ഹോം എന്നിവ വേണമെന്ന് മോദി പറഞ്ഞു.
സെക്കന്തരാബാദിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്നത് ഇപ്പോൾ ആവശ്യമാണ്. ആഗോള പ്രതിസന്ധിയുടെ ഈ സമയത്ത് പെട്രോളും ഡീസലും മിതമായി മാത്രമേ ഉപയോഗിക്കു എന്ന് പ്രതിജ്ഞയെടുക്കുക. ഉപയോഗം നിയന്ത്രിക്കുക" - മോദി പറഞ്ഞു.
മെട്രോ സൗകര്യമുള്ള നഗരങ്ങളിലെ ആളുകൾ മെട്രോ യാത്രകൾക്ക് മുൻഗണന നൽകണമെന്നും സ്വകാര്യ വാഹനങ്ങൾ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും മോദി പറഞ്ഞു. കൂടാതെ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും മോദി ജനങ്ങളോട്പറഞ്ഞു.കോവിഡ്കാലത്തെപ്പോലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ മീറ്റിങ്ങുകൾ, വിഡിയോ കോൺഫറൻസുകൾ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ വിനിമയ ശേഖരം സംരക്ഷിക്കാനായി അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.



0 Comments