LATEST

6/recent/ticker-posts

Header Ads Widget

"ആദ്യം നിങ്ങളൊന്ന് റിലാക്സ‌് ചെയ്യൂ. വലിയ യുദ്ധംകഴിഞ്ഞ് വന്നതല്ലേ...”;കേരള ത്തിലെ നേതാക്കളോട് രാഹുൽ, പാക്കേജിന് സാധ്യത

 



തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പോരടിച്ച് ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞു: "ആദ്യം നിങ്ങളൊന്ന് റിലാക്സ് ചെയ്യൂ. വലിയ യുദ്ധംകഴിഞ്ഞ് വന്നതല്ലേ." പിരിമുറുക്കത്തിന് അയവുവരുത്താനും ചർച്ചയ്ക്ക് തുടക്കമിടാനുള്ള അന്തരീക്ഷം ഒരുക്കാനുമായിരുന്നു രാഹുലിന്റെ നർമം.


വരിഞ്ഞുമുറുകിനിന്ന മുഖപേശികൾ അയഞ്ഞു തുടങ്ങിയപ്പോഴാണ് രാഹുൽ തുടർന്ന് സംസാരിച്ചുതുടങ്ങിയത്. കേരളത്തിലെ അന്തരീക്ഷം ഇത്രയും മോശമാക്കിയതിലുള്ള നീരസം അദ്ദേഹം പ്രകടിപ്പിച്ചു. തെരുവിൽ അണികളെ ഇളക്കിവിട്ടത് ശരിയായില്ല. നിങ്ങൾ അറിയാതാണവർ ഇറങ്ങിയതെങ്കിൽ പിന്തിരിപ്പിക്കണമായിരുന്നു. തെരുവിൽ ആളെയിറക്കിയുള്ള സമ്മർദംവഴി ഹൈക്കമാൻഡിനെക്കൊണ്ട്തീരുമാനമെടുപ്പിക്കാമെന്ന് കരുതരുത്. അങ്ങനെവന്നാൽ മറ്റുസംസ്ഥാനങ്ങളിലും അതാവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.




കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒറ്റയ്ക്കൊറ്റയ്ക്ക് സംസാരിച്ചു.തുടർന്നുള്ള ദിവസങ്ങളിലും നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു. 'നമുക്ക് സമയമുണ്ട്, തിരക്കുകൂട്ടേണ്ട കാര്യമില്ല.




തീരുമാനം എല്ലാവരെയും ബഹുമാനിക്കുന്നതായിരിക്കും' എന്ന് വ്യക്തമാക്കിയ രാഹുൽ, നേതാക്കൾക്ക് കേരളത്തിലേക്ക് മടങ്ങാമെന്നും സോണിയാ ഗാന്ധിയുമായും എ.കെ. ആൻ്റണിയുമായും സംസാരിച്ച് അന്തിമതീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. തീരുമാനം സംബന്ധിച്ച സൂചന മൂന്നുപേർക്കും ലഭിച്ചില്ല.




കേരളമുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസിൻ്റെ ഡൽഹിയിലെ തുടർചർച്ചകൾ ഞായറാഴ്ച നടന്നില്ല. തമിഴ്‌നാട്ടിലെ സത്യപ്രതിജ്ഞയ്ക്ക് രാഹുൽ ഗാന്ധി തമിഴ്നാട്ടിലേക്കും കോൺഗ്രസ് നേതാവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിലേക്കും പോയതാണ് കാരണം. രാഹുൽ കേരളത്തിലെ ഘടകകക്ഷിനേതാക്കളുമായി സംസാരിച്ച് സമവായമുണ്ടാക്കിയാൽ തിങ്കളാഴ്ചതന്നെ പ്രഖ്യാപനമുണ്ടാവും.




തീരുമാനമായാൽ മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഖാർഗെ പത്രക്കുറിപ്പിറക്കിയാൽ മതിയാകും. ശനിയാഴ്ചത്തെ ചർച്ചയ്ക്കുശേഷം സതീശനും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഡൽഹിയിൽ തുടർന്ന രമേശ് ചെന്നിത്തല ഞായറാഴ്ച രാവിലെ ഹനുമാൻ കോവിലിൽ ദർശനംനടത്തി വൈകീട്ടോടെയാണ് മടങ്ങിയത്.




കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിയെങ്കിൽ വി.ഡി. സതീശൻ കൂടി മന്ത്രിസഭയിൽ ചേർത്തക്കവിധമുള്ള സംവിധാനത്തിനാകും രൂപംനൽകുക. മെച്ചപ്പെട്ട വകുപ്പ്, ഉപമുഖ്യമന്ത്രിസ്ഥാനം തുടങ്ങിയ നിർദേശങ്ങൾ പരിഗണിച്ചേക്കാം പാർട്ടിയിലെ ഉയർന്ന പദവിയിൽ ഏഴുവർഷത്തിൽക്കൂടുതൽ ഒരാൾ തുടരരുതെന്ന പ്രമേയം മുൻപ് എ.ഐ.സി.സി. സമ്മേളനം പാസാക്കിയിരുന്നു. വേണുഗോപാൽ ജനറൽ സെക്രട്ടറിയായി ഏഴുവർഷം കഴിഞ്ഞതു തീരുമാനത്തെ ഇതും സ്വാധീനിച്ചേക്കാം.


അങ്ങനെ വന്നാൽ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രമേശ് പരിഗണിക്കപ്പെടാം രമേശിനാണ് മുഖ്യമന്ത്രിസ്ഥാനം നൽകുന്നതെങ്കിൽ സതീശന് മന്ത്രിസഭയിൽ മുന്തിയ പരിഗണന ലഭിക്കും സതീശനാണ് മുഖ്യമന്ത്രിയാകുന്നതെങ്കിൽ രമേശിനെ ഉൾക്കൊള്ളുന്ന മറ്റ് നിർദേശങ്ങളാകും പരിഗണിക്കുക.

Post a Comment

0 Comments