പത്തനാപുരം:വീടിനുള്ളിൽപാമ്പുകൾതാവളമുറപ്പിച്ചതോടെ വീടുപേക്ഷിച്ച് പലായനം ചെയ്ത് കുടുംബം. പത്തനാപുരം പിടവൂർ സ്വദേശിയായ രാജേഷും കുടുംബവും സ്വന്തം കൂര ഉപേക്ഷിച്ച് ബന്ധുവീട്ടിൽ അഭയം തേടേണ്ടി വന്നിരിക്കുകയാണ്. നിരന്തരമായ പാമ്പ് ശല്യം കാരണം ജീവൻ തന്നെ അപകടത്തിലായതോടെയാണ് ഇവർക്ക് ഈ കടുത്ത തീരുമാനമെടുക്കേണ്ടി വന്നത്. ബുധനാഴ്‌ച രാത്രിയാണ് ദുരന്തങ്ങളുടെ തുടക്കം. ഉറക്കത്തിലായിരുന്ന പത്താം ക്ലാസ്സുകാരി രേവതിയുടെ മേലേക്ക് മേൽക്കൂരയിൽ നിന്നും പാമ്പ് വീഴുകയും കടിക്കുകയുമായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിലെ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം കുട്ടി ഇപ്പോൾ മടങ്ങിവരികയാണ്.
രേവതിക്ക് പാമ്പുകടിയേറ്റതിന് തൊട്ടടുത്ത ദിവസം അനിയത്തി രേണുകയുടെ കാലിൽപാമ്പ് ചുറ്റിയെങ്കിലും കുട്ടി രക്ഷപ്പെട്ടു. പാമ്പിന്റെ രണ്ട് ആക്രമണസംഭവങ്ങൾ ഉണ്ടായതോടെ വീട്ടുകാർ വീടും പരിസരവും വലിയ രീതിയിൽ പരിശോധനയ്ക്ക് വിധേയമാക്കി. വീടിനുള്ളിലെ തറയിൽ വിരിച്ചിരുന്ന ടാർപ്പൊളിൻ മാറ്റിയപ്പോൾ പാമ്പിൻ കുഞ്ഞുങ്ങളുടെ വൻ ശേഖരം തന്നെ കണ്ടെത്തി. ഇതോടെ വനപാലകരെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും തറയിലെ വിടവുകളിലും മാളങ്ങളിലും ഒളിച്ച പാമ്പുകളെ പിടികൂടാൻ സാധിച്ചില്ല. സാമ്പത്തിക പരാധീനതകൾ മൂലം വീടിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. തറകെട്ടിയ കല്ലുകൾക്കിടയിലെ വിടവുകൾ സിമന്റ് ഉപയോഗിച്ച് അടയ്ക്കാത്തത് പാമ്പുകൾക്ക് സുരക്ഷിതമായ ഒളിത്താവളമൊരുക്കി.
ഷീറ്റും മറ്റും ഉപയോഗിച്ചുള്ള മേൽക്കൂരയിലൂടെ പാമ്പുകൾക്ക് എളുപ്പത്തിൽ അകത്തുകയറാൻ സാധിക്കുന്നു. വീടിനുള്ളിലെ എലികളുടെ സാന്നിധ്യം ഇര തേടിയെത്തുന്ന പാമ്പുകളെ ആകർഷിക്കുന്നു. നട്ടെല്ലിന് പരിക്കേറ്റ രാജേഷിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഭാര്യ സൂര്യ വീട്ടുജോലികൾ ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. വീട് പൂർണ്ണമായും പൊളിച്ചു പണിയാതെ ഇനി അവിടെ താമസിക്കുക അസാധ്യമാണെന്ന് ഇവർ കണ്ണീരോടെ പറയുന്നു.



0 Comments