തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോല്‍വിക്ക് പിന്നാലെ അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി.വി ശിവന്‍കുട്ടി, വി റോയ്, എ എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാനെത്തി. എകെജി സെൻ്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് എത്തിയത്. അകമ്പടി വാഹനം ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്‍റെ മാത്രം അകമ്പടിയൊടെയായിരുന്നു പിണറായി വിജയന്‍റെ യാത്ര.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് പിണറായി പോകുന്നത്. പിണറായിക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒരു ചിരിമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാളെത്തെ സെക്രട്ടറിയേറ്റിന് ശേഷം പിണറായി വിജയന്‍ കണ്ണൂരില്‍ മടങ്ങിപോകും. കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടില്‍ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. തലസ്ഥാനത്തെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കനത്ത പരാജയത്തിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെയും കണ്ടിട്ടില്ല.

0 Comments