അബുദാബി/ ദുബായ്: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കാൻ മികച്ച അവസരം. വിനിമയ നിരക്ക് ഒരു യുഎഇ ദിർഹത്തിന് 26.09 രൂപ എന്ന നിലയിലായതോടെ 38.34 ദിർഹമുണ്ടെങ്കിൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും.
ശമ്പളം കിട്ടാൻ ഇനിയും രണ്ടാഴ്ചയിലധികം ബാക്കിനിൽക്കെയാണ് രൂപയുടെ ഈ വൻ ഇടിവ്. വിനിമയ നിരക്കിലെ ഈ ലാഭം നഷ്ടപ്പെടുത്താതിരിക്കാൻ പല പ്രവാസികളും കടം വാങ്ങിയും ക്രെഡിറ്റ് കാർഡ് വഴിയും ബാങ്ക് വായ്പയെടുത്തും നാട്ടിലേക്ക് പണം അയയ്ക്കാനുള്ള നീക്കത്തിലാണ്. എന്നാൽ വായ്പയെടുത്ത് പണമയയ്ക്കുമ്പോൾ പലിശ നിരക്കുകൾ കൂടി കണക്കിലെടുക്കണമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
കൈവശം പണമുള്ളവർക്കും നാട്ടിൽ വീട് നിർമിക്കുന്നവർക്കും വായ്പ തിരിച്ചടയ്ക്കുന്നവർക്കും ഈ ഇടിവ് ആശ്വാസമാണ്. കൂടുതൽ പണം അയച്ച് വായ്പ ഒന്നിച്ച് തീർക്കാനുള്ള തയാറെടുപ്പിലാണ് ചിലർ. നിക്ഷേപം ആഗ്രഹിച്ച് പണം സ്വരുക്കൂട്ടിവച്ചവരാണ് മെച്ചപ്പെട്ട വിനിമയ നിരക്കിന്റെ ആനുകൂല്യത്തിൽ എക്സ്ചേഞ്ചിലെത്തി പണം അയച്ചത്. വരും ദിവസങ്ങളിലും രൂപയുടെ മൂല്യത്തിൽ ചാഞ്ചാട്ടം തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുന്നവരുംഏറെ.
ഓൺലൈൻ ആപ് വഴി പണം അയയ്ക്കുന്നവരുടെ എണ്ണവും കുത്തനെ കൂടി. എക്സ്ചേഞ്ചുകളെക്കാൾ വളരെ കുറഞ്ഞ സേവന നിരക്കിൽ പണം തത്സമയം നാട്ടിലെത്തിക്കാമെന്നതാണ് ഓൺലൈൻ ആപ്പുകളുടെ ആകർഷണം. ഏതു സമയവും എവിടെയിരുന്നും പണം അയയ്ക്കാമെന്നതും ഓൺലൈൻ ആപ്പുകളെ ജനകീയമാക്കുന്നു. സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്തവർ സുഹൃത്തുക്കളെ ആശ്രയിച്ചാണ് പണം അയയ്ക്കുന്നത്.



0 Comments