ബംഗ്ലാദേശില്‍ നിന്നുള്ള അതിസാഹസികവും വികാരഭരിതവുമായ ഒരു രക്ഷപ്പെടലിന്റെ വാർത്തയാണ് ഇപ്പോള്‍ ലോകമനസ്സാക്ഷിയെ ഉണർത്തുന്നത്.
ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ട്രാക്കിലേക്ക് വീണുപോയ പിഞ്ചുകുഞ്ഞിനെ, സ്വന്തം ജീവൻ പണയപ്പെടുത്തി പിതാവ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ബംഗ്ലാദേശിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒന്നര മണിക്കൂർ വൈകിയെത്തിയ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് അപകടമുണ്ടായത്. ട്രെയിൻ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ വേളയില്‍ ധൃതിപ്പെട്ട് ഇറങ്ങാൻ ശ്രമിച്ച കുടുംബത്തിലെ പിഞ്ചുകുഞ്ഞ്, അച്ഛന്റെ കൈയില്‍ നിന്ന് വഴുതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലൂടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
കുഞ്ഞ് പാളത്തില്‍ വീണത് കണ്ട പിതാവ് ഒരു നിമിഷം പോലും പാഴാക്കാതെ ഓടുന്ന ട്രെയിനിനടിയിലേക്ക് എടുത്തുചാടുകയായിരുന്നു. കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് അച്ഛൻ പാളത്തില്‍ കിടന്നു. മുകളിലൂടെ ട്രെയിൻ വലിയ വേഗതയില്‍ കടന്നുപോകുമ്പോള്‍ പരിഭ്രമിച്ച കുട്ടി എഴുന്നേല്‍ക്കാൻ ശ്രമിച്ചെങ്കിലും, പിതാവ് കുഞ്ഞിനെ അനങ്ങാൻ അനുവദിക്കാതെ മുറുകെ പിടിച്ചു. ട്രെയിൻ പൂർണ്ണമായും കടന്നുപോകുന്നത് വരെ അദ്ദേഹം കുഞ്ഞിന് ഒരു കവചമായി അവിടെ നിലകൊണ്ടു.
ട്രെയിൻ കടന്നുപോയ ഉടൻ തന്നെ റെയില്‍വേ ജീവനക്കാരും മറ്റ് യാത്രക്കാരും ഓടിയെത്തി ഇരുവരേയും പുറത്തെടുത്തു. അത്ഭുതകരമെന്നു പറയട്ടെ, നിസാരമായ പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. സ്വന്തം ജീവൻ പോലും നോക്കാതെ കുഞ്ഞിനെ രക്ഷിച്ച ആ പിതാവിനെ 'യഥാർത്ഥ ഹീറോ' എന്നാണ് നെറ്റിസണ്‍സ് വിശേഷിപ്പിക്കുന്നത്.

0 Comments