നന്തിബസാർ: കോഴിക്കോട് കള്ളൻ കിണറ്റില്‍ വീണ നിലയില്‍. പാതിരാത്രിയില്‍ വീട്ടില്‍ മോഷണം നടത്താൻ എത്തിയ കള്ളനാണ് കിണറ്റില്‍ വീണത്.
വ്യാഴാച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റില്‍ കള്ളനെ കണ്ടെത്തിയത്. വീട്ടിലെ കുളിമുറി വഴി മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കള്ളൻ പിടിവിട്ട് കിണറ്റില്‍ വീഴുകയായിരുന്നു.
ഒടുവില്‍ കൊയിലാണ്ടി ഫയർ ഫോഴ്സും പോലീസും എത്തി കള്ളനെ പുറത്തെത്തിച്ചു. കോഴിക്കോട് നന്തി ബസാറിലെ കോവുമ്മല്‍ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. രാവിലെ ഏഴുമണിയോടെ ഗൃഹനാഥ മുറ്റം വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ഗ്രില്‍ നീങ്ങിയത് കണ്ട് സംശയം തോന്നിയാണ് പരിശോധിച്ചത്. അപ്പോള്‍ കിണറില്‍ നിന്നും കയറാനാവാതെ ബംഗാളി സ്വദേശിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.
കള്ളൻ വെള്ളത്തില്‍ നീന്തി തലപൊക്കി കിടക്കുകയായിരുന്നെന്ന് ഗൃഹനാഥ പറഞ്ഞു. കള്ളനെ കണ്ട ഇവർ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ക്ക് വീഴ്ചയില്‍ ഗുരുതര പരിക്കില്ലെന്നാണ് വിവരം. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കേസ് എടുത്തു.

0 Comments