തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എൽഡിഎഫിന് ഉണ്ടായിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നുവെന്നും എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല. യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും. കൊടുങ്കാറ്റുപോലെ ഇനിയും തിരികെയെത്തുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
അനർഹമായ ഒരു പരാജയം.
കനത്ത പരാജയമാണ് എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി.
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്.
എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല .
നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിൻ്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടർമാർ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.
"രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ "
എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം .
പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം
എന്നാൽ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല.
യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും.
തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.
കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട് .
തുടർന്നും നാടിനും ജനങ്ങൾക്കുമായി ഉറച്ചു നിൽക്കും. പോരാടും.
തോൽവിയിൽ നിന്നും ഊർജ്ജം സ്വീകരിക്കും.ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ.
തീർച്ച.

0 Comments