LATEST

6/recent/ticker-posts

Header Ads Widget

ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

 


കോഴിക്കോട്: വൻ നവീകരണ അവകാശവാദങ്ങളോടെ കോഴിക്കോട് കല്ലുത്താൻകടവിൽ നിർമ്മിച്ച ന്യൂ പാളയം മാർക്കറ്റ് ഉദ്ഘാടനം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ ചോർന്നൊലിക്കുന്നു. ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ വ്യാപാരികൾ പൂർണ്ണമായി മാറുന്നതിന് മുമ്പേയാണ് ചോർച്ച അനുഭവപ്പെട്ടത്. സീലിംഗിലെ പ്ലാസ്റ്ററിംഗ് പലയിടത്തും പൊളിഞ്ഞുവീഴുകയും ഓപ്പൺ ടെറസിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചോർച്ചയ്ക്ക് കാരണം. അറ്റകുറ്റപ്പണികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. നിർമ്മാണത്തിൽ അഴിമതിയുണ്ടെന്നും നിയമലംഘനം നടന്നതായും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്.


കെട്ടിടത്തിന്റെ സീലിംഗിലെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്ററിംഗ് പൊളിഞ്ഞുവീണതിനെ തുടർന്ന് വെള്ളം ചോർന്നുവരുന്ന നിലയാണ്. ഓപ്പൺ ടെറസ് ഭാഗങ്ങളിലാണ് പ്രധാനമായുംപ്രശ്നം കണ്ടെത്തിയത്. ടെറസിന്റെ പല ഭാഗങ്ങളിലും വെള്ളംകെട്ടിക്കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ചോർച്ച പരിഹരിക്കുന്നതിനായി പ്ലാസ്റ്ററിംഗ് ഉൾപ്പെടെയുള്ള പ്രാഥമിക അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.


ന്യൂ പാളയം മാർക്കറ്റിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് സയ്ദ് ശമീൽ ആരോപിച്ചു.


“പാളയം മാർക്കറ്റിന്റെ 5.5 ഏക്കർ സ്ഥലം ഒഴിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് കൈമാറണമെന്ന ലക്ഷ്യത്തോടെയാണ് കല്ലുത്താൻകടവിൽ പുതിയ മാർക്കറ്റ് നിർമ്മിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ ചോർച്ച ആരംഭിച്ചു. മുകളിലെ ടെറസിൽ കയറി നോക്കിയാൽ പല ഭാഗങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് കാണാം. വേനൽമഴയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ചോർച്ച ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും,” ശമീൽ പറഞ്ഞു.


ഇതിനിടെ, പുതിയ മാർക്കറ്റ് സമുച്ചയത്തിലേക്ക് വ്യാപാരികൾ ഇനിയും മാറിത്തുടങ്ങിയിട്ടില്ല. ഉയർന്ന വാടകയാണ് പ്രധാന പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കെട്ടിടത്തിൽ ഇല്ലെന്നും അവർ ആരോപിക്കുന്നു.


അതേസമയം, പഴയ പാളയം മാർക്കറ്റിനെ അപേക്ഷിച്ച് കൂടുതൽ സൗകര്യങ്ങളോടെയാണ് ന്യൂ പാളയം മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതെന്നായിരുന്നു കോഴിക്കോട് കോർപ്പറേഷൻറെ വിശദീകരണം. അഞ്ചര ഏക്കർ സ്ഥലത്ത് കല്ലുത്താൻകടവ് ഡെവലപ്‌മെന്റ് സൊസൈറ്റി (കാഡ്കോ) ഏകദേശം 100 കോടി രൂപ ചെലവഴിച്ച് ആറു ബ്ലോക്കുകളുള്ള സമുച്ചയമാണ് നിർമ്മിച്ചത്.


മൂന്നര ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള കെട്ടിടത്തിൽ ഏകദേശം 300 ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ കടകളുണ്ട്. 300-ലധികം കടമുറികളിൽ താഴത്തെ നിലയിലെ 153 കടമുറികളാണ് പാളയത്തെ പഴയ മാർക്കറ്റിലെ വ്യാപാരികൾക്കായി മാറ്റിവെച്ചിരിക്കുന്നത്. അനുബന്ധ കച്ചവടങ്ങൾക്കും ഇവിടെ സൗകര്യമുണ്ട്.


ഒരേസമയം 500-ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കൾക്കായി ശീതീകരിച്ച വിശ്രമകേന്ദ്രം,ശുചിമുറികൾ, വിനോദസൗകര്യങ്ങൾ തുടങ്ങിയ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ അവകാശവാദം.


#Kozhikode

Post a Comment

0 Comments