തിരുവനന്തപുരം: കോൺഗ്രസിലെ കസേരചർച്ചകൾ കൊടുമ്പിരി കൊള്ളുകയും ചരടുവലികൾ ശക്തമാവുകയും ചെയ്യുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് വി.ഡി. സതീശൻ വിഭാഗം നീങ്ങുന്നതായി സൂചന. ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചെന്നാണ് വിവരം.
സർക്കാറിനെതിരായ കുറ്റപത്രം സമർപ്പിച്ചതിനൊപ്പം ബദലുകളും പരിഹാരങ്ങളും നിർദേശിച്ചായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അഞ്ച് വർഷത്തെ സതീശന്‍റെ ഇടപെടലുകൾ. യു.ഡി.എഫ് അധികാരത്തിൽ വരുന്ന പക്ഷം ഇവ നടപ്പാക്കുമെന്നായിരുന്നു പോരാട്ട നാളുകളിലെ വാഗ്ദാനവും. എന്നാൽ ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത വിധം ഭരണപരമായി പരിമിതിയുള്ള ഏതെങ്കിലുമൊരു വകുപ്പ് ചുമതലയുമായി കാബിനറ്റിലേക്ക് പോകേണ്ടതില്ലെന്നാണ് സതീശൻ ക്യാമ്പിന്‍റെ നിലപാട്.
പകുതിയിലേറെ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന വി.ഡി സതീശൻ, കേന്ദ്ര നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ്മാക്കനും എം.എൽ.എമാരെ ഒറ്റക്ക് കാണണമെന്ന നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാവരെയും ഒന്നിച്ചിരുത്തി ‘കൈ ഉയർത്തൽ’ നോക്കിയുള്ള കണക്കെടുപ്പിൽ സംഘടനപരമായ അധികാര പരിഗണനകളുടെ സ്വാധീനമുണ്ടാകുമെന്നതാണ് കാരണം. എം.എൽ.എമാരുമായി കേന്ദ്ര നിരീക്ഷകർ കൂടിക്കാഴ്ച നടത്തുമ്പോൾ കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഒപ്പമുണ്ടാകരുതെന്ന നിർദേശവും സതീശൻ വിഭാഗം ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments