തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കൂടുതൽ അറസ്റ്റിന് ഒരുങ്ങുകയാണ് പൊലീസ്. ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി പൊലീസിന് നിർദേശം നൽകി. കേസിൽ ഇതുവരെ 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
സംഘർഷം ഉണ്ടായ അന്ന് തന്നെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ പൊലീസ് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. ശ്രീജിത്ത്, ജീവൻ, മനോജ്, നിതിൻരാജ്, ഷാഹിൻ, അശോകൻ, കിരൺ, അമൽ എന്നിവരെയാണ് സംഭവം ദിവസം തന്നെ പൊലീസ് പിടികൂടിയത്.
പിന്നീടാണ് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കൗൺസിലറുമായ ബിനു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിന് പുറമെ പൊലീസുകാരെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
കേന്ദ്രം റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. മ്യൂസിയം പൊലീസിൽ നിന്ന് അന്വേഷണം പ്രത്യേക സംഘത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും വിവരമുണ്ട്.



0 Comments