കോണ്‍ഗ്രസ് ഡി എം കെ വിട്ട് വിജയിയുടെ ടി വി കെയുടെ ക്യാമ്പിലെത്തിയെങ്കിലും ഡി എം കെ ബന്ധം ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാട് പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഡി എം കെ മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.
ഇന്നലെ സ്റ്റാലിനൊപ്പമായിരുന്നു, ഇന്ന് സ്റ്റാലിനൊപ്പമാണ്, നാളെയും സ്റ്റാലിനൊപ്പം തന്നെയായിരിക്കും- അദ്ദേഹം നിലപാട് വ്യക്തമാക്കി.
തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ഉറപ്പിച്ചുകൊണ്ട് നടന്‍ വിജയിയുടെ ടി വി കെ 100-ലധികം സീറ്റുകള്‍ നേടി കരുത്ത് തെളിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി കോണ്‍ഗ്രസ് ടി വി കെയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചതോടെയാണ് ഡി എം കെ സഖ്യത്തില്‍ വിള്ളലുണ്ടായത്.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ടിവികെ നേതൃത്വം മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും ബന്ധപ്പെട്ടിരുന്നു. എന്നാല്‍, തമിഴ്നാട് ഘടകത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി. മത്സരിച്ച രണ്ട് സീറ്റുകളിലും പാപനാശം, വാണിയമ്പാടി മികച്ച വിജയം നേടിയ ലീഗ്, നിലവിലെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കിടയിലും ഡിഎംകെ സഖ്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

0 Comments