നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെകുറിച്ച് മൂന്നാം ദിവസവും പ്രതികരിക്കാതെ പിണറായി വിജയൻ. ബുധനാഴ്ച തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു മുഴുസമയവും മുഖ്യമന്ത്രി. യോഗത്തിന്‍റെ ഇടവേളകളിലും പ്രതികരണമുണ്ടായില്ല.
സാധാരണ തെരഞ്ഞെടുപ്പ് പരാജയ ഘട്ടങ്ങളിൽ മുഖ്യമന്ത്രിമാർ പ്രതികരിക്കുന്ന പതിവുണ്ട്. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനടക്കം ജനവിധിക്ക് തൊട്ടുടനെ മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയും സമാന മാതൃക കാണിച്ചു. ഇതിൽനിന്ന് വ്യത്യസ്തമാണ് മൂന്നുദിവസം പിന്നിടുമ്പോഴും പിണറായി വിജയന്‍റെ മൗനം.
സെക്രട്ടറിയേറ്റ് യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങളെ കണ്ട പാർട്ടി സെക്രട്ടറിയോടും ഇതേകുറിച്ച് ചോദ്യമുയർന്നെങ്കിലും കൃത്യമായ മറുപടിയില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഫലം പ്രഖ്യാപിച്ച തിങ്കളാഴ്ച രാവിലെ കണ്ണൂർ ജില്ലയിലെ പിണറായിയിലുള്ള കൺവെൻഷൻ സെന്‍ററിൽ രാവിലെ 10 മണിയോടെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും ജനവിധി എതിരായതോടെ കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു.
ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കുള്ള യാത്രക്കായി രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പിന്നീട് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിലെത്തിയില്ല.
#PinarayiVijayan

0 Comments