പാലക്കാട്: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയിയെ കാണാനായി മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയാത്ര ചെയ്ത് ദമ്പതികൾ. ഡ്രൈവറായ കെ.എസ് മുഹമ്മദ് റാഫിയും ഭാര്യ ഉമ്മു ഷഹനമോളുമാണ് കഴിഞ്ഞ വ്യാഴാഴ്ച താനൂരിൽ നിന്നും ചെന്നൈയിലേക്ക് യാത്ര തിരിച്ചത്.
ചൂടിലും മഴയിലും തളരാതെ പരസ്പരം താങ്ങായി അവർ തങ്ങളുടെ പ്രിയ താരത്തിനെ കാണാന് പുറപ്പെട്ടിരിക്കുകയാണ്. യാത്രയുടെ വീഡിയോ മല്ലു കിക്ക്സ് ട്രാവൽ എന്ന യൂട്യൂബ് ചാനലിൽ ഇരുവരും പങ്കുവെക്കുന്നുണ്ട്. കാൽ നടയായി പലാക്കാട് വഴി തമിഴ് നാട്ടിലേക്ക് കടന്ന് ചെന്നൈയിലേക്ക് പോകാനാണ് ഇരുവരും ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച താനൂരിൽ നിന്നും യാത്ര തുടങ്ങിയ ഇവർ, കഠിനമായ വെയിലിനെയും മഴയെയും വകവെക്കാതെയാണ് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. കയ്യിൽ അത്യാവശ്യം വേണ്ട വസ്ത്രങ്ങളും ടെന്റും കരുതുന്ന ഇവർ, പാലക്കാട് പിന്നിട്ട് ഇപ്പോൾ തമിഴ്നാട്ടിലെ പറളി ഭാഗത്ത് എത്തിക്കഴിഞ്ഞു.
സിനിമയിലെ വിജയ്യുടെ കഥാപാത്രങ്ങളോടുള്ള ഇഷ്ടം പിന്നീട് രാഷ്ട്രീയത്തിലേക്കും അദ്ദേഹത്തോടുള്ള വലിയ ആരാധനയായി വളരുകയായിരുന്നുവെന്ന് റാഫിയും ഷഹാനയും പറയുന്നു.
ചെന്നൈയിൽ എത്തിയ ശേഷം തങ്ങളുടെ പ്രിയ നേതാവിനെ നേരിൽ കാണാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ ഓരോ ചുവടും മുന്നോട്ട് വെക്കുന്നത്.
തങ്ങളുടെ യാത്രാ വിശേഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ ഇവർ നിരന്തരം പങ്കുവെക്കുന്നുണ്ട്. നടത്തം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വഴിനീളെ ലഭിക്കുന്ന അപരിചിതരുടെ സ്നേഹവും സഹായവും തങ്ങൾക്ക് വലിയ കരുത്താണ് നൽകുന്നതെന്ന് ഇവർ വ്ലോഗിലൂടെ വ്യക്തമാക്കുന്നു.
ചുരുങ്ങിയ സമയം കൊണ്ട് വൈറലായ ഇവരുടെ യാത്രയ്ക്ക് തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. നിരവധി വിജയ് ആരാധകർ ഇവർക്ക് താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
ഈ ആധുനിക കാലത്ത് ആരാധനയുടെയും നിശ്ചയദാർഢ്യത്തിന്റെയും വേറിട്ട മുഖമായി മാറിയിരിക്കുകയാണ് ഈ മലപ്പുറം ദമ്പതികൾ.
#TVKVijay #vijayfans #vijayfansclub #ponnani #malappuram #malappuramkaran #vijayfanskerala



0 Comments