പവന് 1,23,120 രൂപയുമായി
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഗ്രാമിന് 1,257രൂപ കൂടി 15,320 രൂപയും പവന് 10,200 രൂപ വർധിച്ച് 1,23,120 രൂപയുമായി കുതിച്ചുയർന്നു. സ്വർണ വിലയിലെ ഏറ്റവും ചരിത്ര വർധനവാണിത്.സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചതാണ് വില കുതിച്ചുയരാൻ കാരണമായത്. നിലവിലുണ്ടായിരുന്ന ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. വിദേശനാണ്യ ശേഖരത്തിന്മേലുള്ള സമ്മർദ്ദം കുറക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ അടിയന്തര നീക്കം.10 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും അഞ്ച് ശതമാനം കാർഷിക ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും (എ.ഐ.ഡി.സി) ചേർത്താണ് ആകെ നികുതി 15 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്. 2024 പകുതിയോടെ കുറച്ചിരുന്ന നികുതി നിരക്കാണ് ഇപ്പോൾ വീണ്ടും ഉയർത്തിയിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസികളിലൊന്നായി ഇന്ത്യൻ രൂപ മാറിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഇടപെടൽ. ഉയർന്ന തീരുവ സ്വർണത്തിന്റെ ഉപഭോഗം കുറക്കുമെന്നും ഇത് രാജ്യത്തിന്റെ വ്യാപാരക്കമ്മി കുറക്കാൻ സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. കഴിഞ്ഞ ഞായറാഴ്ച, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.



0 Comments