LATEST

6/recent/ticker-posts

Header Ads Widget

“കണ്ണീരും കൈകോർക്കലും: പാങ്ങ് ദേശം ഒരുമിച്ച് നിൽക്കുന്ന ദുഃഖസ്മരണം ”


 പാങ്ങ് : വാൽപ്പാറ വിനോദയാത്രയ്ക്കിടെ സംഭവിച്ച ദാരുണമായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾ ഇപ്പോഴും പാങ്ങ് ദേശത്തിന്റെ ഹൃദയത്തിൽ കണ്ണീരായി തങ്ങി നിൽക്കുകയാണ്. ഒരു വിദ്യാലയത്തെയും ഒരു നാട്ടിനെയും മാത്രമല്ല, മുഴുവൻ കേരളത്തെയും നടുക്കിയ ഈ ദുരന്തം പാങ്ങ് പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ജീവിതത്തിൽ തീരാ ശൂന്യത സൃഷ്ടിച്ചു.


ഈ വേദനയുടെ നടുവിൽ, പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെൻറ് എൽ.പി സ്കൂളിൽ ചേർന്ന അനുശോചനയോഗം ഒരു ദുഃഖസംഗമമെന്നതിലുപരി ഒരു നാടിന്റെ ഐക്യത്തിന്റെയും സഹജീവിതത്തിന്റെയും പ്രതീകമായി മാറി. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും ഒരേ മനസ്സോടെ ഒത്തുചേർന്ന് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ അനുസ്മരിച്ചു.


യോഗത്തിൽ മഞ്ഞളാംകുഴി അലി എം.എൽ.എ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, കുറുവ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ സലാം അധ്യക്ഷനായി, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ജുവൈരിയ, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇൻചാർജ് സുനിത ടീച്ചർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ. അമീറ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ( ഇൻ ചാർജ് )കെ. അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. എം സുലൈഖ (പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). ഷാജിത ആറ്റശേരി (ജില്ല ശിശു വികസന ഓഫീസര് ). എം ശാക്കിർ, (സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ.

കെ കെ അസീസ് . (സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ) പി മുംതാസ് (സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ).

കെ അഹമ്മദ് കുട്ടി മാസ്റ്റർ . പാലയിൽ സലാം . എൻ പി മുഹമ്മദലി മാസ്റ്റർ . ഷാജി മാസ്റ്റർ . ബാലാമണി ടീച്ചർ. അംബിക ടീച്ചർ. ഗ്രേസി ടീച്ചർ. സ്വർഗ്ഗ കുമാർ മാസ്‌റ്റർ. ജിജി ടിച്ചർ.ബിന്ദു വെങ്ങാട്. കെ.വി.. അലി. കെ. ടി. അഷറഫ്.വേലുക്കുട്ടി. വിവിധ മേഖലകളിൽ ഉള്ളവർ പ്രതിനിധീകരിച്ച് സംസാരിച്ചു .


ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായങ്ങൾ ലഭ്യമാക്കാൻ ഇടപെടലുകൾ ഉറപ്പാക്കുമെന്നും, എം.പി ഫണ്ടിലൂടെ സ്കൂളിന്റെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും വിദ്യാർത്ഥികൾക്കായുള്ള കൗൺസിലിംഗും ഉൾപ്പെടെയുള്ള എല്ലാ പിന്തുണകളും ഉറപ്പാക്കുമെന്ന് എം.എൽ.എയും വ്യക്തമാക്കി.


ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നിരുന്ന മജീദ് മാസ്റ്ററുടെ സൗമ്യതയും പുഞ്ചിരിയുമാണ് നാട്ടുകാർക്ക് ഇപ്പോഴും ഓർമ്മ. “സ്കൂളിനുവേണ്ടി ജോലി ചെയ്തിരുന്നില്ല, ജീവിച്ചിരുന്നത് തന്നെയായിരുന്നു” എന്ന വിലയിരുത്തൽ അധ്യാപക സമൂഹത്തിന്റെ ആഴത്തിലുള്ള വേദനയെയും ബഹുമാനത്തെയും പ്രതിഫലിപ്പിച്ചു.


വിദ്യാർത്ഥികൾ ഇപ്പോഴും മാനസിക ആഘാതത്തിലാണ്. അവരെ ഈ അവസ്ഥയിൽ നിന്നും കരകയറ്റാൻ കൂട്ടായ കൗൺസിലിംഗ് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. അധ്യാപകരുടെ നിയമനം ഉൾപ്പെടെ ആവശ്യമായ എല്ലാ ഇടപെടലുകളും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.


തമിഴ്നാട് സർക്കാറിന്റെ സമയോചിതമായ ഇടപെടലുകളും—മരണാനന്തര പരിശോധനയും ആംബുലൻസ് സൗകര്യങ്ങളും—പ്രത്യേകമായി അഭിനന്ദിക്കപ്പെട്ടു.


ഒരു ദുരന്തം ഒരു ദേശത്തെ തകർക്കുമ്പോഴും, അതിനെ നേരിടാൻ ഒരുമിച്ച് നിൽക്കുന്ന മനുഷ്യർ ഉണ്ടെങ്കിൽ ആ ദേശം വീണ്ടും ഉയിർത്തെഴുന്നേൽക്കും എന്ന വിശ്വാസമാണ് പാങ്ങ് ഇന്ന് പങ്കുവയ്ക്കുന്നത്. കണ്ണീരിനിടയിലും കൈകോർത്തുനിൽക്കുന്ന ഈ ജനങ്ങൾ, നഷ്ടങ്ങളുടെ വേദനയിലൂടെ ഒരു പുതിയ പ്രത്യാശയുടെ വഴികൾ തീർക്കുകയാണ്.പാങ്ങ് ദേശത്തിന്റെ കണ്ണീരിൽ എഴുതപ്പെട്ട ഐക്യത്തിന്റെ കഥ.

Post a Comment

0 Comments