LATEST

6/recent/ticker-posts

Header Ads Widget

പാചകവാതക ക്ഷാമം:കേരളത്തിലെ ഹോട്ടലുകളിൽ നിന്ന് അറേബ്യൻ വിഭവങ്ങൾ പടിയിറങ്ങുന്നു

 


മലപ്പുറം : പാചകവാതക ക്ഷാമം രൂക്ഷമായതോടെ മലയാളിയുടെ രുചി സംസ്‌കാരം മാറ്റിയ അറബിക് വിഭവങ്ങളായ ഷവർമ്മയും അൽഫാമും കേരളത്തിലെ ഹോട്ടലുകളിൽ നിന്ന് പുറത്തായി. വൈകുന്നേരങ്ങളിൽ തെരുവുകൾക്ക് മണം പകർന്ന ഷവായ്, ബാർബി ക്യു തുടങ്ങിയവയും അരങ്ങൊഴിഞ്ഞു. ചിലയിടങ്ങളിൽ അപൂർവമായി ഷവർമ കിട്ടും. പല കടകളും ഒൻപത് മണിക്ക് കച്ചവടം അവസാനിപ്പിക്കുന്നു. മറ്റ് വിഭവങ്ങൾക്കൊപ്പം അറേബ്യൻ രുചികൾ വിളമ്പുന്ന അയ്യായിരത്തിനടുത്ത് കടകൾ സംസ്ഥാനത്തുണ്ടെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ്റെ കണക്ക്. ഇവ മാത്രം നൽകുന്ന രണ്ടായിരത്തിലധികം കടകളുണ്ട്. അറേബ്യൻ വിഭവങ്ങൾ വിറകടുപ്പിൽ പാചകം ചെയ്യാനാകില്ലെന്നതാണ് പരിമിതി.

ഉയർന്ന താപനിലയിൽ തുടർച്ചയായി വേവിച്ചാണ് അറേബ്യൻ വിഭവങ്ങൾ തയ്യാറാക്കുന്നത്. ഷവർമ തയ്യാറാക്കാനായി വെർട്ടിക്കൽ ഗ്രിൽ മണിക്കൂറുകൾ പ്രവർത്തിപ്പിക്കണം. ഷവായ്ക്ക് ( ഗ്രിൽഡ് ചിക്കൻ) ഉപയോഗിക്കുന്ന പ്രത്യേക അടുപ്പുകൾ മുഴുവൻ സമയവും പ്രവർത്തിക്കണം. ചെറിയ കടകളിൽ 19 കിലോയുടെ സിലിണ്ടർ രണ്ട് ദിവസം കൊണ്ട് തീരും. വലിയ കടകളിൽ ഉപയോഗം കൂടുതലാണ്. ഷവർമ പൊതിയുന്ന കുബൂസ്,റുമാലി റൊട്ടി എന്നിവയും ലഭ്യമല്ല.

പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ഹോട്ടൽ, റസ്റ്റോറൻ്റ് എന്നിവയ്ക്ക് 66 ശതമാനം എൽ.പി.ജി ലഭ്യമാക്കുന്നതിന് നടപടിയെടുത്തിട്ടും നില മെച്ചപ്പെട്ടില്ല. 30 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ ലഭ്യതയെന്ന് കടയുടമകൾ പറയുന്നു.

Post a Comment

0 Comments