LATEST

6/recent/ticker-posts

Header Ads Widget

യു ഡി എഫിലെ മുഖ്യമന്ത്രി ചർച്ച: നാലാമനായി പി കെ കുഞ്ഞാലിക്കുട്ടിയും

 



കോഴിക്കോട്: യു ഡി എഫിൻ്റെ മുഖ്യമന്ത്രി ചർച്ചയിലേക്ക് നാലാമനായി പി കെ കുഞ്ഞാലിക്കുട്ടിയും. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി പദത്തിലേക്ക് സജീവമായി ഉയർന്നു കേൾക്കുന്നതിനിടെയാണ് യു ഡി എഫിലെ പ്രബല കക്ഷിയായ മുസ്ല‌ിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പേര് കൂടി ചർച്ച ചെയ്യപ്പെടുന്നത്.


കഴിഞ്ഞ ദിവസം ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളുടെ സംഘടനയായ സുന്നി മഹല്ല് ഫെഡറേഷന്റെ മലപ്പുറം ചെമ്മാട് നടന്ന സമ്മേളനത്തിൽ എസ് എം എഫ് നേതാവ് അസ്ല‌ം മശ്ഹൂർ തങ്ങൾ നടത്തിയ പരാമർശമാണ് പുതിയ ചർച്ചക്ക് ആധാരം. 'നാലാം തീയതി പെട്ടി പൊളിക്കുകയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയാവു' മെന്നായിരുന്നു പ്രസംഗം. പി കെ കുഞ്ഞാലിക്കുട്ടിയേയും സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളേയും വേദിയിലിരുത്തിക്കൊണ്ട് മശ്ഹൂർ തങ്ങൾ നടത്തിയ പ്രസംഗത്തോട് ആരും വിയോജിപ്പ് പ്രകടിപ്പിക്കുകയോ തിരുത്തുകയോ ചെയ്ത‌ില്ല.

അതേസമയം, കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന നേതൃയോഗത്തിൽ വി ഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടാനാണ് മുസ്ല‌ിം ലീഗ് തീരുമാനം. ലീഗ് സതീശനെപിന്തുണക്കുന്നുവെന്ന കാര്യം പുറത്തു വന്നതോടെ കോൺഗ്രസ്സിലെ കെ സി, ചെന്നിത്തല വിഭാഗങ്ങൾ ലീഗിനെതിരെ തിരിയുന്ന സാഹചര്യമുണ്ട്. കോൺഗ്രസ്സിന്റെ അധികാരത്തിൽ ലീഗ് ഇടപെടുന്നുവെന്ന ആക്ഷേപമാണ് സാമൂഹിക മാധ്യമങ്ങളിൽ ശക്തമാകുന്നത്. ഇതിനെല്ലാം പുറമെ, ജമാഅത്തെ ഇസ്‌ലാമിയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാമർശവും ചില കോണുകളിൽ നിന്നെങ്കിലും ഉയരുന്നുണ്ട്.


കോൺഗ്രസ്സിൽ മുഖ്യമന്ത്രി ചർച്ച അവസാനിപ്പിക്കണമെന്ന് നേതൃത്വം കഴിഞ്ഞ ദിവസങ്ങളിൽ കർശന താക്കീത് നൽകിയിരുന്നു. ഇതിനിടയിലാണ് ചിത്രത്തിലേക്ക് മുസ്‌ലിം ലീഗ് കൂടി കടന്നുവന്നിരിക്കുന്നത്. കോൺഗ്രസ്സ് മുഖ്യമന്ത്രി തന്നെ യാഥാർഥ്യമാവുമെങ്കിലും യു ഡി എഫിലെ പാരമ്പര്യമുള്ള രാഷ്ട്രീയ നേതാവ് എന്ന നിലക്ക് കുഞ്ഞാലിക്കുട്ടിയെ കൂടി മുഖ്യമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് നിലവിൽ മുസ്ലിം ലീഗ്.


Post a Comment

0 Comments