LATEST

6/recent/ticker-posts

Header Ads Widget

നടൻ വിജയയുടെ പ്രചാരണത്തിരയിൽ ഉലഞ്ഞ് തമിഴ് രാഷ്ട്രീയം; മാസ് എൻട്രിയുമായി ‘ജനനായകൻ’

ചെന്നൈ: ഈസ്റ്റ് തിരുച്ചിറപ്പള്ളിയിലെ രാജാറാംശാലയിലൂടെ ആൾക്കടൽ ഒഴുകിവരുന്നു. ഒഴുക്കു കുറഞ്ഞ പുഴയിലേക്കു വീണ ഇല പോലെ അതിനിടയിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന വാഹനം. മുകളിൽ വില്ലു പോലെ വളഞ്ഞും അമ്പു പോലെ നിവർന്നും കൈകൂപ്പുന്ന കഥാനായകൻ.

വാഹനത്തിന്റെ ചലനത്തിനനുസരിച്ച് ആവേശത്തിര റോഡിനിരുവശത്തേയ്ക്കും ഇരമ്പിയാർക്കുന്നു. തമിഴക അരശിയൽ തിരയിലെ പുതിയ റിലീസായ തമിഴക വെട്രി കഴകത്തിന്റെ തലൈവർ സി.ജോസഫ് വിജയ് സ്വന്തം മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ്ഷോ നടത്തുകയാണ്. സിനിമാറ്റിക് രംഗങ്ങൾ നിറഞ്ഞ, 4 മണിക്കൂറിലേറെ നീണ്ട പരിപാടിക്കിടെ വിജയ് ഒരക്ഷരം ഉരിയാടിയില്ല.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ ഏറ്റവും മുഴക്കമുള്ള സാന്നിധ്യം പക്ഷേ, വിജയ്‌യുടേതാണ്. ടിവികെ എത്ര വോട്ടു പിടിക്കും?, അത് ആരെ ബാധിക്കും?, പ്രചാരണത്തിലെ വെറും താരാവേശമായി അത് ഒടുങ്ങുമോ?. ഒന്നുറപ്പ്. യുവാക്കൾക്കും സ്ത്രീകൾക്കുമിടയിൽ വിജയ് തീർക്കുന്ന തിരയിളക്കം എതിർപാർട്ടികളുടെ ഉറക്കം കെടുത്തുന്നുണ്ട്.

വിജയ് സിനിമകളുടെ റിലീസ് ദിനത്തിലെന്ന പോലെ, നായകന്റെ എൻട്രിക്ക് മണിക്കൂറുകൾക്കു മുൻപേ രാജാറാംശാല പൂരപ്പറമ്പായി മാറിയിരുന്നു. ആൾക്കൂട്ടത്തിൽ മഹാഭൂരിഭാഗം യുവാക്കൾ. അധ്യാപകൻ അവധിയാകുന്ന ദിവസത്തിലെ ക്ലാസ് മുറി പോലെ സദസ്സ്. കാതു പൊട്ടുന്ന ഉച്ചത്തിൽ മുഴങ്ങുന്ന ഗാനങ്ങൾക്കനുസരിച്ച് ചിലർ നൃത്തം ചെയ്യുന്നു.


ടിവികെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ വിസിൽ തലങ്ങും വിലങ്ങും മുഴങ്ങുന്നുണ്ട്. എന്നിട്ടും ആവേശം തീരാത്ത ചിലർ റോഡരികിലെ മരത്തിൽ വലിഞ്ഞു കയറുന്നു. പൊലീസും സംഘാടകരും ഇടപെട്ട് അവരെ വലിച്ചിറക്കുന്നു. ഒരു വിജയ് സിനിമയോളം ദൈർഘ്യമുള്ളബഹളത്തിനൊടുവിൽ ടിവികെയുടെ പ്രചാരണ ഗാനം മുഴങ്ങി.

'ഉങ്ക വിജയ് ഉങ്ക വിജയ് ഉയിരേ വരേൻ നാൻ, എളിയവൻ കുരൽ നാൻ, മാമന്നനേ, അമ്പാന അണ്ണനേ, വിഴാ വീരനേ, പെരിയാറിൻ പേരനേ'. നായകൻ കൺമുന്നിൽ. സിനിമയ്ക്കിടെ താരം സ്ക്രീൻ വിട്ടിറങ്ങിയാലെന്ന പോലെ വാ പൊളിച്ചും അലറി വിളിച്ചും ആൾക്കൂട്ടം.പ്രചാരണ യോഗത്തിനെത്തുന്ന കൂട്ടങ്ങളിൽ വോട്ടു പ്രായമാകാത്തവർ ഏറെയുണ്ട്. ഞാൻ ഈ നാട്ടുകാരനല്ലെന്ന ഭാവത്തിൽ റോഡ്ഷോ വീക്ഷിക്കുന്ന ആളോട് വിജയ്‌യുടെ സാധ്യതയെക്കുറിച്ചു ചോദിച്ചു. 'എല്ലാം പസങ്ങൾ സർ, അവർക്ക് വോട്ടേ ഇല്ല'. ഡിഎംകെയുടെയും അണ്ണാഡിഎംകെയുടെയും മുതിർന്ന പ്രവർത്തകരും പങ്കുവയ്ക്കുന്നത് ഇതേ അഭിപ്രായമാണ്. എന്നാൽ, തിരുച്ചിറപ്പള്ളിയിൽ മാത്രമല്ല, സേലത്തും കോയമ്പത്തൂരും പഴനിയിലും യുവാക്കൾക്കിടയിൽ വിജയ് സംസാര വിഷയമാണ്.

ടാക്സി, ഓട്ടോ ഡ്രൈവർമാരായ ചെറുപ്പക്കാരും വിജയ്മെക്കുറിച്ചും മാറ്റത്തെക്കുറിച്ചും വാചാലരാകുന്നു. തിരുച്ചിറപ്പള്ളി റോഡ് ഷോയിൽ കണ്ട കന്നി വോട്ടറെന്നു തോന്നിക്കുന്ന ഷൺമുഖനോട് ചോദിച്ചു. 'വോട്ടിരിക്കാ?'. 'ആമ സർ'. 'എന്ത തകുതി (മണ്ഡലം)?. 'തെരിയാത്'. 'യാര് വേപ്പാളർ'?. 'തെരിയാത്, ആന ദളപതി താ ഇനി വരാറ്'. വിജയ് ഷോകളിലെ സ്ത്രീ സാന്നിധ്യവും ദ്രാവിഡ കക്ഷികളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. വെറും ആട്ടവും പാട്ടും മാത്രമല്ല, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു വേണ്ട ചേരുവകളും വിജയ് പയറ്റുന്നുണ്ട്.

Post a Comment

0 Comments