ചേർപ്പ്: ചേർപ്പ് കോടന്നൂരിൽ യുവതിയെയും ഭാവി വരനെയും വഴിയിൽ തടഞ്ഞുനിർത്തി കത്തിയെറിഞ്ഞ് കുത്തിപ്പരുക്കേൽപ്പിച്ചു. കോടന്നൂർ വട്ടപ്പറമ്പിൽ ബൈജുവിന്റെ മകൾ വൈഷ്‌ണവി (23), ഒല്ലൂർ പുത്തൂർ പുല്ലൻപള്ള വീട്ടിൽ അരുൺ (27) എന്നിവർക്കാണ് പരിക്കേറ്റത്.
കോടന്നൂർ കൈലാത്ത് വീട്ടിൽ അശ്വിൻ (25) ആണ് ഈ അതിക്രമത്തിന് പിന്നിൽ. ഇന്നലെ രാത്രി 9 മണിയോടെ കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർമാർക്കറ്റിന് മുന്നിലാണ് സംഭവം നടന്നത്. കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു യുവതിയും ഭാവി വരനും. ഈ സമയത്ത് സ്ഥലത്തെത്തിയ അശ്വിൻ മുൻവൈരാഗ്യത്തിന്റെ പേരിൽ ഇരുവരെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇരുവരുടെയും വയറ്റിലും അരുണിൻ്റെ കൈക്കും ഗുരുതരമായി കുത്തേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതിയായ അശ്വിൻ സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞു. പരിക്കേറ്റ രണ്ട് പേരെയും ഉടൻതന്നെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചേർപ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.



0 Comments