കോട്ടയം: സംസ്ഥാനത്ത് ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും ധരിക്കാൻ അനുമതി നൽകി പുറത്തിറക്കിയ ഉത്തരവ് വൈകി ലഭിച്ച നീതിയാണെന്നാണു വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷ ക്രമസമാധാന പാലനം, സ്റ്റേഷൻ ഡ്യൂട്ടി, വിഐപി സെക്യൂരിറ്റി തുടങ്ങിയ കഠിനമായ ജോലികൾ ഗർഭകാലത്തും നിലവിലെ യൂണിഫോമിൽ ചെയ്യേണ്ടി വരുന്നതു വലിയ പീഡനമാണെന്ന് ഉദ്യോഗസ്ഥർ പലപ്പോഴും സംഘടന തലങ്ങളിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് അസോസിയേഷനുകളുടെയും വനിതാ ഫോറങ്ങളുടെയും വാർഷിക സമ്മേളനങ്ങളിൽ നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഗർഭകാലത്തെ യൂണിഫോം മാറ്റം.
സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം, പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തല്ലൂരിയാണ് സുപ്രധാന ഉത്തരവ് ഇറക്കിയത്. ഇറുകിയ പാന്റും ഷർട്ടും, ഭാരമേറിയ ലെതർ ബെൽറ്റും ബൂട്ടുകളും ധരിച്ച് ഗർഭകാലത്ത് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണു മാറ്റം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും ലിംഗനീതിയും മുൻനിർത്തിയാണ് കേരള പൊലീസ് സ്ത്രീസൗഹൃദപരമായ തീരുമാനത്തിലേക്ക് എത്തിയത്. പുതിയ ചട്ടം നിർബന്ധിതമല്ലെന്നും പൂർണമായും ഉദ്യോഗസ്ഥരുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ഗർഭകാലത്ത് വയറ്റിൽ അമരുന്ന രീതിയിലുള്ള ഇറുകിയ ബെൽറ്റും പാന്റും ഒഴിവാക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഗൈനക്കോളജിസ്റ്റായ ഡോ. സുമ പറയുന്നു. മണിക്കൂറുകളോളം ഭാരമേറിയ ബൂട്ട് ധരിച്ച് ജോലി ചെയ്യുന്നത് മൂലമുണ്ടാകുന്ന കാലിലെ നീര്, നടുവേദന, കടുത്ത ക്ഷീണം എന്നിവ ഒരു പരിധി വരെ കുറയും.
ശാരീരിക അസ്വസ്ഥതകൾ കുറയുന്നതോടെ ജോലിസ്ഥലത്തെ മാനസിക സമ്മർദം കുറയുകയും കൂടുതൽ ആത്മവിശ്വാസത്തോടെ ഡ്യൂട്ടി ചെയ്യാൻ സാധിക്കുകയും ചെയ്യും. ശാരീരിക മാറ്റങ്ങളെ ഉൾക്കൊള്ളുന്ന വസ്ത്രധാരണം അനുവദിക്കുന്നതു വഴി തൊഴിലിടങ്ങളിൽ തങ്ങൾ പരിഗണിക്കപ്പെടുന്നു എന്ന ബോധം ഉദ്യോഗസ്ഥരിലും ഉണ്ടാകും. ഇതു നിർബന്ധിതമല്ലാത്തതിനാൽ, സ്വന്തം ആരോഗ്യസ്ഥിതിയും സൗകര്യവും അനുസരിച്ച് എപ്പോൾ സൽവാറിലേക്ക് മാറണം എന്ന് ഉദ്യോഗസ്ഥർക്ക് തീരുമാനിക്കാം



0 Comments