LATEST

6/recent/ticker-posts

Header Ads Widget

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി, മുൻ ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

 



ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ വൈദ്യുതി കുടിശ്ശികയെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ മുൻ ഗ്രാമ പഞ്ചായത്ത് അംഗം മർദ്ദിച്ചതായി പരാതി.


ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫിസിലെ വർക്കർ വി. സുരേന്ദ്രൻ (54) ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സംഭവത്തിൽ പള്ളിശ്ശേരിക്കൽ സ്വദേശിയായ മുൻ ഗ്രാമ പഞ്ചായത്ത് അംഗം എസ്.എ. നിസാറിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.


വൈദ്യുതി കുടിശ്ശിക വന്നതിനെ തുടർന്നാണ് സുരേന്ദ്രൻ ലൈൻമാനോടൊപ്പം രാവിലെ 11.30ഓടെ എസ്.എ. നിസാറിൻ്റെ വീട്ടിലെത്തിയത്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായാണ് ഇരുവരും വീട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ലൈൻമാൻ തൊട്ടടുത്ത വീട്ടിലേക്കും പോയിരുന്നു.


ഇതിനിടെയാണ് ബഹളം കേട്ടതിനെ തുടർന്ന് ലൈൻമാൻ തിരികെ ഓടിയെത്തിയത്. ലൈൻമാൻ കണ്ടതനുസരിച്ച്, സുരേന്ദ്രനെ പിന്നിലൂടെ എത്തി ബൈക്കിൽനിന്ന് പിടിച്ച് നിലത്തേക്കിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വിവരം ഉടൻ ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫിസിൽ അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് എ.ഇ അടക്കമുള്ള കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരേന്ദ്രനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിന് ഏറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് സുരേന്ദ്രനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments