LATEST

6/recent/ticker-posts

Header Ads Widget

ഇഴഞ്ഞിഴഞ്ഞ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം; കരാർ കാലാവധി 2027, നവീകരണം 21 %.

 



കോഴിക്കോട് : കരാർ കാലാവധി കഴിയാൻ 10 മാസം മാത്രം ബാക്കിയിരിക്കെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പദ്ധതി നിശ്ചയിച്ച സമയത്തിനകം പൂർത്തിയാകില്ലെന്ന് ഉറപ്പായി. 445.95 കോടി പദ്ധതിയുടെ 36 മാസത്തെ കരാർ കാലാവധി 2027 ജൂൺ ഒന്നിന് അവസാനിക്കും. ഇതുവരെ 21 ശതമാനം നവീകരണ പ്രവൃത്തിയാണ് പൂർത്തിയായത്. നിലവിലെ നിർമ്മാണ വേഗം കണക്കിലെടുത്താൽ നവീകരണം പൂർത്തിയാകാൻ ഒരു വർഷം കൂടി അധികസമയം വേണ്ടിവന്നേക്കും.പദ്ധതിക്ക് വേണ്ടത്ര വേഗം പോരെന്ന് വിലയിരുത്തിയ റെയിൽവേ കരാറെടുത്ത റാങ്ക് പ്രൊജക്ട്സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്-വൈ. എഫ്. സി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെ മാറ്റുന്നതടക്കമുള്ള നടപടികൾ ആലോചിച്ചെങ്കിലും എങ്ങുമെത്തിയില്ല. നിർമാണ ഘട്ടത്തിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേ അധികൃതർ കരാർ കമ്പനിക്ക് അന്ത്യശാസനം നൽകുകയും ചെയ്‌തിരുന്നു. പദ്ധതി പ്രദേശത്ത് ആവശ്യത്തിന് തൊഴിലാളികളെ വിന്യസിക്കാത്തതും നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവുമാണ് പദ്ധതി വൈകുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

2024 മേയ് 17നാണ് റാങ്ക് പ്രൊജക്‌ട്‌സ് ആൻഡ് ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്-വൈ. എഫ്. സി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭത്തിന് പദ്ധതിയുടെ കരാർ നൽകിയത്. 36 മാസമായിരുന്നു കാലാവധി. 2024 ജൂൺ ഒന്നിന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഒച്ചിഴയും വേഗതയാണ്. റെയിൽവേ ഹെൽത്ത് യൂണിറ്റിന്റെ ഘടന പൂർത്തിയായിട്ടുണ്ട്. ഫിനിഷിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ജീവനക്കാരുടെ ക്വാർട്ടേഴ്‌സിന്റെ്റെ അഞ്ച് ബ്ലോക്കുകളിൽ മൂന്ന് ബ്ലോക്കുകളുടെ ഒന്നാം നില സ്ലാബ് പൂർത്തിയായി. ഒരു ബ്ലോക്കിൽ ഗ്രൗണ്ട് ഫ്ലോർ കോളങ്ങളുടെയും മറ്റൊന്നിൽ പൈലിങ്ങിൻ്റെയും ജോലികളാണ് നടക്കുന്നത്.പടിഞ്ഞാറുഭാഗത്തെ ബഹുനില വാഹന പാർക്കിംഗ് കേന്ദ്രത്തിൻ്റെ നാല് നിലകളുടെ സൂപ്പർ സ്ട്രക്ചർ പൂർത്തിയായി. കിഴക്കുഭാഗത്തെ പാർക്കിംഗ് കേന്ദ്രത്തിന്റെ മൂന്ന് നിലകളുടെ നിർമാണവും നാലാം നിലയുടെ പകുതി ജോലികളും പൂർത്തിയായിട്ടുണ്ട്.

കിഴക്ക്, പടിഞ്ഞാറ് ടെർമിനൽ കെട്ടിടങ്ങളുടെ പൈലിംഗ് പൂർത്തിയായെങ്കിലും പടിഞ്ഞാറ് ടെർമിനലിൽ പൈൽ ക്യാപ് നിർമാണമാണ് പുരോഗമിക്കുന്നത്. റെയിൽവേ ഓഫീസ് കെട്ടിടത്തിന്റെ പൈലിംഗ് ജോലികളും നടക്കുന്നു. പദ്ധതിയിലെ പ്രധാന ഘടകങ്ങളായ 24 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിൻ്റെയും രണ്ട് 12 മീറ്റർ വീതിയുള്ള ഫുട് ഓവർ ബ്രിഡ്‌ജുകളുടെയും ഡിസൈൻ ജോലികളും വെൻഡർ അന്തിമീകരണവും പുരോഗമിക്കുകയാണ്. ബഹുനില വാഹന പാർക്കിംഗ് കേന്ദ്രം, പൊതുറോഡുകൾ, ലൈറ്റ് മെട്രോ സ്റ്റേഷൻ തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന ആറ് മീറ്റർ വീതിയുള്ള  സ്കൈവാക്കുകളും പദ്ധതിയുടെ ഭാഗമാണ്. 24 ലിഫ്റ്റുകൾ, 17 എസ്‌കലേറ്ററുകൾ, വിശാലമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ, വാണിജ്യ സ്റ്റാളുകൾ, ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ എന്നിവയും പദ്ധതിയിൽ വരും.

Post a Comment

0 Comments