കൊല്ലം: കുണ്ടറ പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ സി പി ഒ ശ്രീജിത്തിനെ ജില്ലാ പോലീസ് മേധാവി സസ്പെൻ്റ് ചെയ്തു. കൊല്ലപ്പെട്ട സിയാദിനെ പോലീസ് മർദിച്ചെന്ന വെളിപ്പെടുത്തലുമായി മകൾ രംഗത്തെത്തിയിരുന്നു.
പോലീസ് ജിപ്പിൽ വെച്ച് സിയാദിന് മർദനമേറ്റു. കുണ്ടറ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ശ്രീജിത്താണ് മർദിച്ചത്. ആ സമയം താനും ജീപ്പിലുണ്ടായിരുന്നുവെന്ന് സിയാദിനെതിരെ പരാതി നൽകിയ പെൺകുട്ടിയും വെളിപ്പെടുത്തിയിരുന്നു.
തന്റെ അടുത്തിരുന്ന ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നു. നാല് പേരാണ് അപ്പോൾ ജീപ്പിലുണ്ടായിരുന്നത്. 13 വയസ്സുകാരനായ സഹോദരനെ കാണാതായതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് സഹോദരൻ പോകാനിടയുള്ള സിയാദിനെ വീടിനെ കുറിച്ച് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.
സിയാദിന്റെ വീട് കാണിക്കാനായി പെൺകുട്ടിയേയും പോലീസ് ഒപ്പം കൂട്ടി. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന സിയാദിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സിയാസ് അസുഖത്തിനു മരുന്നു കഴിച്ച് കിടക്കുകയാണെന്നും കൊണ്ടുപോകരുതെന്നും മകൾ പോലീസിനോടു അഭ്യർഥിച്ചിരുന്നു.
വിദ്യാർഥിയെ കാണാനില്ലെന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 16-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ക്രൂരമായി മർദിച്ചുവെന്ന് കുടുംബവും ആരോപിച്ചിരുന്നു. മർദനത്തിൽ സിയാദിന്റെ വാരിയെല്ലിന് ഉൾപ്പെടെ പൊട്ടലുണ്ടായി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സിയാദിനെ മാറ്റി. അവിടെവെച്ചാണ് കഴിഞ്ഞദിവസം സിയാദ് മരണപ്പെട്ടത്. പിന്നാലെയാണ് പോലീസിനെതിരെ കുടുംബം ആരോപണമുന്നയിച്ചത്.



0 Comments