കൽപ്പറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പോലീസ് കോൺസ്റ്റബിൾ കെവി വിനോദ് കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പ്രസ്‌താവിക്കും. സിബിഐ രജിസ്റ്റർ ചെയ്തത കേസിൽ വയനാട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവർക്കുനേരെ 2003 ഫെബ്രുവരി 19ന് പോലീസ് വെടിയുതിർത്തതിനെ തുടർന്നുള്ള സംഘർഷത്തിലാണ് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന വിനോദ് കൊല്ലപ്പെട്ടത്. പൊലീസ് വെടിവയ്പ്പിൽ ജോഗിയെന്ന ആദിവാസിയും കൊല്ലപ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു.
കേസിൽ ആകെ 53 ആദിവാസികളെയാണ് പ്രതിചേർത്തത്. ആദിവാസി ഗോത്ര മഹാസഭനേതാവ് ഗീതാനന്ദനാണ് ഒന്നാം പ്രതി. പ്രതികളിൽ 15 പേർ ഇതിനകം മരണമടഞ്ഞു. ഒരാൾ കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാർധക്യത്തിലെത്തിയവരാണ്.പ്രതികൾ ഷെഡ്ഡുകൾ നിർമിച്ച് ആയുധങ്ങളുമായി അനധികൃതമായി സംഘം ചേർന്നെന്നും കൊല്ലപ്പെട്ട ജോഗി ഉൾപ്പെടെയുള്ളവരുടെ
നേതൃത്വത്തിൽ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്നും വിനോദിനെ വെട്ടിക്കൊന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
കേസ് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐ ചെന്നൈ യൂണിറ്റുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് എറണാകുളം സിബിഐ കോടതിയിൽനിന്ന് കേസ് കൽപ്പറ്റയിലേക്ക് മാറ്റിയത്. പ്രോസിക്യൂഷന്റെ വാദമനുസരിച്ച്, ഗൗണ്ടൻവയലിലെ തകരപ്പാടിയിൽ നടന്ന ഏറ്റുമുട്ടലിനിടെ കോൺസ്റ്റബിൾ വിനോദിനെയും മറ്റൊരു പോലീസുകാരനെയും സമരക്കാർ തടവിലാക്കിയിരുന്നു. സികെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തിൽ 47 ദിവസമായി തുടരുകയായിരുന്ന സമരത്തിനിടെയായിരുന്നു സംഭവം. തടവിലാക്കപ്പെട്ട വിനോദിനെ പിന്നീട് കൊലപ്പെടുത്തിയെന്നതാണ് സിബിഐയുടെ കേസ്.



0 Comments