തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. രജിസ്ട്രേഷനും ഹെൽമറ്റും ആവശ്യമില്ലാത്ത ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസും ബാധകമല്ല.
സംസ്ഥാനങ്ങൾക്കുള്ള ചട്ടനിർമാണ അധികാരം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് തോമസ് ഉണ്യാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. 250 വാട്ട്സിന് താഴെ ശേഷിയും 25 കിലോമീറ്റർ താഴെ വേഗതയുമുള്ള വാഹനങ്ങളെ നിലവിൽ നോൺ മോട്ടോർ വെഹിക്കിൾ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. എന്നാൽ ഇങ്ങനെയുള്ള വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട് - മന്ത്രി പറഞ്ഞു.
അതേസമയം വയനാട് ജില്ലയിലെ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. സ്വകാര്യ ബസുകളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഒരു ദിവസത്തെ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യയാത്രക്ക് ശേഷം ദിവസം മൂവായിരം രൂപയോളം വരുമാനം കുറഞ്ഞെന്നാണ് ബസ് ഉടമകളുടെ പരാതി. സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കുമെന്നും ബസ് ജീവനക്കാരും ഉടമകളും പ്രഖ്യാപിച്ചിട്ടുണ്ട്.



0 Comments