ബെംഗളൂരു: കർണാടകയിൽ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവെച്ചു. ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി. പുതിയ മന്ത്രിസഭരൂപീകരിച്ച് ദിവസങ്ങൾക്കകമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.


മന്ത്രിസ്ഥാനം നൽകിയതിന് നന്ദിയെന്ന് രാമലിംഗ റെഡ്ഡി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആകില്ലെന്നും എംഎൽഎ ആയും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതുകൊണ്ടല്ല രാജി. വാഗ്ദാന ലംഘനത്തിലാണ് പ്രതിഷേധം. ബെംഗളൂരു നഗര വികസന വകുപ്പ് തനിക്ക് നൽകാമെന്ന് ഉറപ്പുനൽകിയതാണെന്നും റെഡ്ഡി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


തനിക്ക് കിട്ടിയ വകുപ്പിൽ അതൃപ്തി പരസ്യമാക്കി രാമലിംഗ റെഡ്ഡി രം ഗത്തെത്തിയിരുന്നു. ബെംഗളൂരു നഗരത്തിന്റെ ചുമതലയുള്ള 'ബെംഗളൂരു വികസന വകുപ്പ്' തനിക്ക് ലഭിക്കുമെന്നാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് അദ്ദേഹത്തിന് കിട്ടിയില്ല. പകരം അദ്ദേഹത്തിന് 'വലിയ-ഇടത്തരം ജലസേചന വകുപ്പ്' ആണ് അനുവദിച്ചത്. ഇതാണ് അതൃപ്‌തിക്ക് കാരണം. ബെംഗളൂരു വികസന വകുപ്പ് അല്ലാതെ മറ്റൊരു വകുപ്പും സ്വീകരിക്കാൻ തനിക്ക് താല്പര്യമില്ലെന്ന് എട്ടുതവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ എത്താനിരിക്കെയാണ് രാജി. ഖർഗെയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനാണ് രാഹുൽ എത്തുന്നത്.