LATEST

6/recent/ticker-posts

Header Ads Widget

ഇറാൻ-അമേരിക്ക സമാധാന കരാറിനെ ശക്തമായി തള്ളിപ്പറഞ്ഞ് ഇസ്രയേല്‍ മന്ത്രിമാർ രംഗത്ത്

 


അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ രൂപപ്പെടുന്ന സമാധാന കരാറില്‍ ഇസ്രയേല്‍ പങ്കാളിയല്ലെന്നും തങ്ങള്‍ അമേരിക്കയുടെ കീഴിലല്ല ഉള്ളതെന്നും ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ തുറന്നടിച്ചു.


തെക്കൻ ലെബനനില്‍ നിന്ന് ഇസ്രയേല്‍ സൈന്യം ഒരു കാരണവശാലും പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും വ്യക്തമാക്കി. അമേരിക്കൻ കരാറിന്റെ ഭാഗമായി ലെബനനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിലെ പ്രമുഖർ കടുത്ത വിയോജിപ്പുമായി പരസ്യമായി രംഗത്തെത്തിയത്. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നെതന്യാഹു ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.


അന്താരാഷ്ട്ര സമ്മർദ്ദങ്ങള്‍ക്ക് വഴങ്ങിയ ഓരോ തവണയും രാജ്യം വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ മന്ത്രി ഓർമ്മിപ്പിച്ചു. തങ്ങള്‍ക്ക് അമേരിക്കയോട് ബഹുമാനമുണ്ടെങ്കിലും യഹൂദ ജനതയ്ക്ക് സുരക്ഷ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ളയെ പൂർണ്ണമായി നിരായുധരാക്കുന്നതില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. സൈന്യം രക്തം ചിന്തി പിടിച്ചെടുത്തതും, ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകർത്തതുമായ ലെബനൻ മണ്ണില്‍ നിന്നും ഇസ്രയേല്‍ പിന്മാറില്ല. ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കുന്ന പഴയ യഹൂദരുടെ കാലം കഴിഞ്ഞെന്നും, തങ്ങളുടെ സുരക്ഷ ഉറപ്പാക്കാത്ത ഒരു കരാറും ഇസ്രയേലിനെ ബാധ്യസ്ഥമാക്കില്ലെന്നും ബെൻ ഗ്വിർ വ്യക്തമാക്കി.


രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ഡിഫൻസ് ഫോഴ്സ് അനിശ്ചിതകാലം തുടരുമെന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കിയത്. അതിർത്തിയിലെ ഇസ്രയേല്‍ ജനതയുടെ സുരക്ഷയ്ക്കായി ഭൂമിക്ക് മുകളിലും താഴെയുമുള്ള എല്ലാ ഭീകരവാദ താവളങ്ങളും അവരെ സഹായിക്കുന്ന ഗ്രാമങ്ങളും നശിപ്പിക്കും. ഇസ്രയേലിന്റെ ഈ കർശന നിലപാടുകള്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരില്‍ ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാല്‍, അതിശക്തമായ തിരിച്ചടി നല്‍കുമെന്ന കടുത്ത മുന്നറിയിപ്പും പ്രതിരോധ മന്ത്രി നല്‍കി.

Post a Comment

0 Comments