കോഴിക്കോട്: കോഴിക്കോട് മരിച്ച ഒമ്പത് വയസ്സുകാരിക്ക് അപൂർവരോഗമായ കവാസാക്കിയെന്ന് സംശയം. കവാസാക്കി രോഗലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കടലൂർ ജിനാൻ രാരോത്ത് ഒമ്പതുവയസ്സുകാരി ആയിഷ ഹെൽനയാണ് ശനിയാഴ്ച മരിച്ചത്.
പനി കൂടിയതോടെ ചൊവ്വാഴ്‌ചയാണ് കുട്ടിയെ തിരൂർ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിലാകെ ചുവന്ന തടിപ്പുകളുണ്ടായിരുന്നു. നാക്ക് അമിതമായി ചുവന്നിരുന്നു (സ്ട്രോബറി ടങ്). ലക്ഷണങ്ങൾ കണ്ട ത്വക്ക്രോഗ ഡോക്ടറാണ് കവാസാക്കിയാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചത്.
വ്യാഴം ഉച്ചയോടെ കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർച്ചയായ ദിവസങ്ങളിൽ 104 ഡിഗ്രിക്കടുത്ത് പനിയുണ്ടായിരുന്നു. അലർജിക്കുള്ള ആന്റിബയോട്ടിക്കുകളും പനിക്കുള്ള സാധാരണ മരുന്നുകളും കൊടുത്തിട്ട് ഫലിക്കാതെ വന്നതോടെയാണ് ഡോക്‌ടർമാരും കവാസാക്കി രോഗമാകാമെന്ന് സംശയിച്ചത്. മെഡിക്കൽ കോളേജിലെത്തിയപ്പോൾ ഹൃദയമിടിപ്പ് വളരെ കുറഞ്ഞിരുന്നു. പിന്നീട് കണ്ണും ചുറ്റുമുള്ള ഭാഗങ്ങളും ചുവന്നു. മെഡിക്കൽ കോളേജിൽനിന്ന് കവാസാക്കിക്ക് നൽകുന്ന ചികിത്സകളാണ് നൽകിയത്.



0 Comments