ബീഫ് വലിയ പ്രശ്‌നമാണ്. ഉത്തരേന്ത്യയിലും മറ്റും ഗോസംരക്ഷകർ ലോറി തടയുന്നതും ആളുകളെ ആക്രമിക്കുന്നതുമായ വാർത്തകൾ ദിനംപ്രതി നാം കേൾക്കുന്നു. പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചത് തന്നെയാണ് ഇതിന് കാരണം.
എന്നാൽ ചില സംസ്ഥാനങ്ങളിൽ ആട്ടിറച്ചിക്ക് വൻ പ്രചാരമുണ്ട്. പക്ഷെ വില കോഴിയേക്കാളും പന്നിയേക്കാളും കൂടുതലാണെന്നതാണ് പ്രശ്നം. എന്നാൽ ആട്ടിറച്ചിക്ക് പകരം ബീഫ് വിളമ്പി ഭക്ഷണം കഴിക്കാനെത്തിയവരെ പറ്റിച്ച മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിൽ.
ബൊമ്മനഹള്ളി കായലോരം റസ്റ്റോറന്റിലാണ് സംഭവം. 18 മാസമായി തുറന്ന് പ്രവർത്തിക്കുന്ന റസ്റ്റോൻ്റിൽ അടുത്തിടെ ആട്ടിറച്ചി ഓർഡർ ചെയ്ത ഉപഭോക്താക്കൾ തങ്ങൾക്ക് കിട്ടിയത് ആട്ടിറച്ചിയല്ലെന്ന് സംശയിച്ചു. തുടർന്ന് ഇവർ റസ്റ്റോറന്റ് അധികൃതരോട് തങ്ങൾക്ക് നൽകിയത് ആട്ടിറച്ചിയല്ലേ എന്ന് ചോദ്യമുന്നയിച്ചു. പക്ഷെ മറുപടിയിൽ സംതൃപ്‌തി തോന്നാതിരുന്ന ഇവർ അവലഹള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് റസ്റ്റോറന്റിലെത്തിയ പൊലീസ് പരിശോധനയിൽ ബീഫ് കണ്ടെത്തുകയും വിളമ്പിയത് ആട്ടിറച്ചിയല്ലെന്ന് കണ്ടെത്തുകയുമായിരുന്നു.
കടയിൽ നിന്നും ജിജോ, ഷിമ്പു എന്നീ യുവാക്കളെ അറസ്റ്റ് ചെയ്‌തതായും അഭിലാഷ് എന്ന മറ്റൊരു മലയാളി ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്ത മാംസം ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.



0 Comments