ബാങ്കോക്ക്: വടക്ക് കിഴക്കൻ മ്യാൻമറിൽ വൻ സ്ഫോടനം. അപകടത്തിൽ 45 പേർ കൊല്ലപ്പെടുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഖനനത്തിനായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
നംഖം ടൗൺഷിപ്പിലെ കൗൻടുപ് ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. ചൈനയുടെ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രദേശം ടാൻങ് നാഷണൽ ലിബറേഷൻ ആർമിയുടെ നിയന്ത്രണത്തിലാണ്.
കുട്ടികളടക്കം 45 പേരുടെ മൃതദേഹമാണ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തത്. ആറ് കുട്ടികളുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തയാൾ വ്യക്തമാക്കി. കുട്ടികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി കൊണ്ടു പോയി.
പരിക്കേറ്റവരെ ടൗൺഷിപ്പ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവർക്ക് പ്രദേശിക നേതൃത്വം ആവശ്യമായ സഹായങ്ങൾ ചെയ്ത് വരികയാണ്.



0 Comments