അടൂർ: പത്തനംതിട്ട അടൂരിൽ ഇരുപത്തിയെട്ടുകാരിയെ അയൽവാസി ക്രൂരമായ പീഡനത്തിനിരയാക്കി. യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധം കെടുത്തിയ ശേഷമാണ് അയൽവാസിയായ ഓട്ടോ ഡ്രൈവർ ക്രൂരത നടത്തിയത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി മാസങ്ങളോളം ഇയാൾ പീഡനം തുടരുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 15-നാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ വീട്ടിലെത്തിയ പ്രതി ജ്യൂസ് നൽകി മയക്കി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പിന്നീട് പല സ്ഥലങ്ങളിൽ എത്തിച്ചും ഇയാൾ പീഡനം തുടർന്നു.
സഹികെട്ട യുവതി പ്രതിയുടെ ഭാര്യയോട് വിവരങ്ങൾ വെളിപ്പെടുത്തിയതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി. ഇതിൽ പ്രകോപിതനായ പ്രതി കഴിഞ്ഞ മാസം 28-ന് യുവതിയെ ടാങ്കർ ലോറിയിൽ കയറ്റി പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിലും ഭീഷണിയിലും തളരാതെ യുവതി സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും അടൂർ പോലീസിനും പരാതി നൽകി.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോൺ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. വരും ദിവസങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന സൂചന.



0 Comments