ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ കെ സി വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമ സഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.
കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണ്. മുഖ്യമന്ത്രി കെസി തന്നെ ആയേക്കും എന്ന ശക്തമായ സൂചനകളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരങ്ങൾ. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികൾക്കും വലിയ എതിർപ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു.
മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കിൽ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാർഗെയോ രാഹുൽഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കൊപ്പം അനുനയ ഫോർമുലയെന്നോണം ഉപമുഖ്യമന്ത്രി പദം ഉണ്ടാകുമോ എന്നതും പ്രധാനപ്പെട്ട ചോദ്യമായിരുന്നു. ഇപ്പോൾ ഇക്കാര്യത്തിലും ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
#kcvenugopalmp #RameshChennithala #VDSatheesan #KeralaCM #BreakingNews



0 Comments