കർണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദർശകർ എത്തുന്നതുമായ ബന്ദിപ്പുർ, നാഗർഹോളെ വനങ്ങളിൽ സഞ്ചാരികൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ. സഫാരിക്കിടെ വന്യമൃഗങ്ങൾക്കൊപ്പം സെൽഫിയും വീഡിയോയും എടുക്കുന്നതിനു കർണാടക വനംവകുപ്പ് നിരോധനമേർപ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാൽ മൊബൈൽ ഫോണുകൾ ലൈറ്റ് മോഡിൽ ഇടണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. വന്യമൃഗങ്ങളെ കാണാൻ സാധ്യതകൂടുതലായ ബന്ദിപ്പുർ, നാഗർഹോളെ കടുവസംരക്ഷണകേന്ദ്രങ്ങളിൽ പ്രതിദിനം നിരവധി സഞ്ചാരികളാണ് സഫാരിക്കെത്തുന്നത്. എന്നാൽ, സന്ദർശകർ വനത്തിൽ അച്ചടക്കം പാലിക്കുന്നില്ലെന്ന് വനംവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളുടെ സ്‌വരവിഹാരത്തിനു തടസമാകുന്ന വിധത്തിൽ സന്ദർശകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് വനംവകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കർണാടകത്തിൽ ഏറ്റവുമധികം കടുവകളുള്ള വനങ്ങളാണ് ബന്ദിപ്പൂരും നാഗർഹോളെയും. കടുവകളെ നേരിട്ടു കാണാൻ വേണ്ടിയാണ് വന്യജീവി ഫോട്ടാഗ്രാഫർമാർ ഉൾപ്പെടെയുള്ളവർ ഇവിടേക്ക് സഫാരിക്ക് എത്തുന്നത്. വന്യമൃഗങ്ങളെ കണ്ടാൽ ഫോണിലൂടെ വിവരം കൈമാറി സഫാരി വാഹനങ്ങൾ ഒരേ സ്ഥലത്ത് തടിച്ചുകൂടുന്നതും പതിവാണ്. എന്നാൽ, ഇക്കാര്യം മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. ഇതു ഒഴിവാക്കാനാണ് മൊബൈൽ ഫോണുകൾ ഫ്‌ലൈറ്റ് മോഡിൽഇടണമെന്ന നിർദേശം ഏർപ്പെടുത്തിയത്. സഫാരി വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഗൈഡുമാർക്കുമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള ചുമതല. നിർദ്ദേശങ്ങൾ ലംഘിക്കുന്ന സഞ്ചാരികളെ സഫാരിയിൽനിന്ന് പുറത്താക്കുകയും പിഴഈടാക്കുകയും ചെയ്യും.കർണാടകത്തിലെത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗം പേരും സന്ദർശിക്കുന്ന വനങ്ങളാണ് ബന്ദിപ്പൂരും നാഗർഹോളെയും. മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചതിനെത്തുടർന്ന് ഇവിടുത്തെ സഫാരി താത്കാലികമായി നിർത്തിവെച്ചിരുന്ന ഇവിടുത്തെ സഫാരികൾ 2026 ഫെബ്രുവരിയിലാണ് വീണ്ടും ആരംഭിച്ചത്.

0 Comments