തിരുവനന്തപുരം: രാജ്യവ്യാപകമായി ആധാര്‍ സെര്‍വറില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം ഉള്‍പ്പെടെയുള്ള നിരവധി സര്‍ക്കാര്‍ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സെര്‍വറില്‍ തകരാര്‍ അനുഭവപ്പെട്ടത്. ആധാര്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സേവനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചതോടെ സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. ഇതുമൂലം കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. രാവിലെ മുതല്‍ റേഷന്‍ വാങ്ങാനെത്തിയ നിരവധി പേര്‍ സാധനങ്ങള്‍ ലഭിക്കാതെ മടങ്ങി. പ്രശ്‌നം നീണ്ടതോടെ ചില സ്ഥലങ്ങളില്‍ വ്യാപാരികള്‍ റേഷന്‍ കടകള്‍ അടച്ചിടുകയും ചെയ്തു. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ ആധാര്‍ അധിഷ്ഠിത പഞ്ചിങ് സംവിധാനവും പ്രവര്‍ത്തനരഹിതമായതോടെ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തലും തടസപ്പെട്ടു. അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുന്ന വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍, ആധാര്‍ പുതുക്കല്‍ നടപടികള്‍ എന്നിവയും പൂര്‍ണ്ണമായും നിലച്ചു. ബാങ്കിങ് സേവനങ്ങളെയും ഇന്‍ഷുറന്‍സ് മേഖലയില്‍ ആവശ്യമായ ആധാര്‍ വെരിഫിക്കേഷന്‍ നടപടികളെയും സാങ്കേതിക തകരാര്‍ ബാധിച്ചതായി റിപോര്‍ട്ടുകളുണ്ട്. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ യുഐഡിഎഐയുടെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ തുടരുകയാണെന്നാണ് വിവരം. പ്രശ്‌നം എത്ര സമയം തുടരുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
aadhar serverfailure



0 Comments