രണ്ടുമാസത്തെ റേഷൻ ഒരുമിച്ചുനല്‍കുന്നത് സർക്കാർ അവസാനിപ്പിച്ചു. ഏപ്രില്‍, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് നല്‍കിയത് പല താലൂക്കുകളിലെയും വിതരണത്തെ ബാധിച്ചിരുന്നു.
തുടർന്നാണ് ജൂണ്‍ മുതല്‍ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം നല്‍കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നല്‍കാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിത് രണ്ടായി കുറയ്ക്കുകയായിരുന്നു. ചിലയിടങ്ങളില്‍ രണ്ടുമാസത്തെ റേഷൻ നല്‍കാനുള്ള അരിയെത്തിക്കുന്നതില്‍ വീഴ്‌ചയുണ്ടായി. കണക്കുകളിലും ആശയക്കുഴപ്പമുണ്ടായി. ധാന്യശേഖരവുമായി ബന്ധപ്പെട്ട് കേന്ദ്രം ഇതുവരെ പുതിയ നിർദേശം നല്‍കിയിട്ടില്ല. കൂടുതല്‍ ധാന്യം സംഭരിക്കാൻ എഫ്‌സിഐയും ആവശ്യപ്പെട്ടിട്ടില്ല.
നീലക്കാർഡിന് നല്‍കിയിരുന്ന അധിക വിഹിതവും അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനുപുറമെ ഏപ്രിലില്‍ രണ്ടുകിലോയും മേയില്‍ മൂന്നുകിലോയും അധിക വിഹിതം നീലക്കാർഡുടമകള്‍ക്ക് നല്‍കിയിരുന്നു. ഇനിമുതല്‍ പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. നീലക്കാർഡിന് നാലുകിലോ അരിയായിരിക്കും ഇനി മുതല്‍ ലഭിക്കുക. ആട്ട നല്‍കുന്നത് തുടരും.



0 Comments