*മലപ്പുറം*: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നേതൃയോഗം ചേരാൻ മുസ്ലിം ലീഗ്. ബുധനാഴ്ച രാവിലെ 10 മണിക്ക് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിനിടെയാണ് ലീഗ് യോഗം എന്നതാണ് ശ്രദ്ധേയം. നേരത്തേതന്നെ മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.വിഷയത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതിനിടെയാണ് നേതൃയോഗം.
ബുധനാഴ്ച പാണക്കാട്ട് വെച്ചാണ് യോഗം ചേരുന്നത്. ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന അധ്യക്ഷൻ എന്നിവരുൾപ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ തീരുമാനം വന്നാൽ പിന്നീട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരിക്കും യോഗത്തിൽ ചർച്ചയാകുക. ലീഗിന്റെ മന്ത്രിമാരുടെ കാര്യത്തിലും ചർച്ച നടക്കും.
നേരത്തേ എഐസിസി നിരീക്ഷകരോട് മുഖ്യമന്ത്രിപദത്തിൽ മുസ്ലിം ലീഗ് തങ്ങളുടെ നിലപാടറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയായിട്ടും കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. തീരുമാനം അനിശ്ചിതമായി നീളുന്നതിൽ ലീഗിന് അതൃപ്തിയുണ്ട്. ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾഹമീദ് പരസ്യവിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തീരുമാനം വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
#MUSLIMLEAGE #panakkad #KeralaCM

.jpg)

0 Comments