ആശങ്ക നീങ്ങി; നാലു പേരുടെ മരണത്തിന് കാരണം തണ്ണിമത്തനല്ല; വിഷം ഉള്ളിൽ ചെന്നെന്ന് റിപ്പോർട്ട്
മുംബൈയിൽ കഴിഞ്ഞ ആഴ്‌ച നാലു പേരുടെ മരണത്തിന് കാരണം തണ്ണിമത്തനിൽ നിന്നുള്ള അണുബാധയല്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായിരുന്നുവെന്നും ഇത് വിഷാംശം ഉള്ളിൽ ചെന്നിരിക്കാമെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. മൊബൈൽ കട നടത്തുന്ന അബ്‌ദുള്ള ദൊകാഡിയ (45), ഭാര്യ നസീം (35) മക്കളായ സിനാബ് (13), അയീഷ (16) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച കുടുംബം ബന്ധുക്കൾക്കായി അത്താഴ വിരുന്ന് നടത്തിയിരുന്നു. വിരുന്നുകാർ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിക്കുകയും അഞ്ചു മണിയോടെ അസ്വസ്‌ഥതകളുണ്ടാവുകയും ചെയ്തു. ഛർദ്ദിയും വയറിളക്കവും അടക്കം ഭക്ഷ്യവിഷബാധയുടെ സമാന ലക്ഷണങ്ങളാണ് എല്ലാവർക്കും ഉണ്ടായിരുന്നത്.
മണിക്കൂറുകൾക്കുള്ളിൽ നാലു പേരും മരിക്കുകയും ചെയ്തു.
പ്രാഥമിക ഫോറൻസിക് പരിശോധനയിൽ ഇരകളുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെ ചില അവയവങ്ങൾ പച്ച നിറമായതായാണ് വിവരം. ഇവർക്കുണ്ടായ ലക്ഷണങ്ങൾ ഭക്ഷ്യവിഷബാധയുടെതല്ലെന്ന് പരിശോധിച്ച ഡോക്‌ടർമാരും വ്യക്തമാക്കി. മരിച്ച അബ്ദുള്ളയുടെ ശരീരത്തിൽ വേദന സംഹാരിയായ മോർഫിൻ കണ്ടെത്തിയിട്ടുണ്ട്. വളരെ നിയന്ത്രിതമായി മാത്രം ഉപയോഗിക്കുന്ന ഈ മരുന്ന് ചികിത്സയുടെ ഭാഗമായി നൽകിയതാണോ അതോ മറ്റെന്തെങ്കിലും അസ്വഭാവിക കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷണ പരിധിയിലണ്
മരണങ്ങൾക്ക് തണ്ണിമത്തനുമായി നേരിട്ട് ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ കഴിഞ്ഞ ആഴ്‌ച അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. വിരുന്നിനെത്തിയ കുടുംബാംഗങ്ങളുടെ അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

0 Comments