ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി എത്തുന്നവർക്കായി കർശനമായ ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ കൊണ്ടുവരുന്ന തീർത്ഥാടകർക്ക് നിയന്ത്രണങ്ങളും മുൻകൂർ അനുമതിയും ഏർപ്പെടുത്തിയിട്ടുണ്ട്.


ലഹരി അംശമുള്ളതോ നിയന്ത്രിത വിഭാഗത്തിൽപ്പെടുന്നതോ ആയ മരുന്നുകൾ കൈവശം വെക്കുന്നവർ യാത്രയ്ക്ക് മുൻപ് തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പ്രത്യേക അനുമതി വാങ്ങിയിരിക്കണം.


അനുമതിക്കായി അപേക്ഷിക്കുമ്പോൾ പാസ്‌പോർട്ട് പകർപ്പ്, മരുന്നിന്റെ പേരും ചേരുവകളും വ്യക്തമാക്കുന്ന പാക്കറ്റ് ഫോട്ടോ, അംഗീകൃത ഡോക്ടറുടെ കുറിപ്പടി അല്ലെങ്കിൽ മെഡിക്കൽ റിപ്പോർട്ട് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. 


ആറ് മാസത്തിനുള്ളിൽ നൽകിയ കുറിപ്പടികൾ മാത്രമേ ഇതിനായി പരിഗണിക്കുകയുള്ളൂ. പരമാവധി ഒരു മാസത്തേക്കുള്ള മരുന്നുകൾക്ക് മാത്രമാണ് മന്ത്രാലയം അനുമതി നൽകുക. കൂടാതെ, കൈവശമുള്ള മരുന്ന് സ്വന്തം ആവശ്യത്തിനുള്ളതാണെന്ന സത്യവാങ്മൂലവും സമർപ്പിക്കേണ്ടതുണ്ട്.


അതേസമയം, തീർത്ഥാടകരുടെ വാക്സിനേഷൻ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി. മെനിംഗോകോക്കൽ, കോവിഡ്-19, സീസണൽ ഇൻഫ്ലുവൻസ എന്നീ മൂന്ന് വാക്സിനുകൾ എല്ലാ തീർത്ഥാടകർക്കും നിർബന്ധമാണ്.


ഹജ്ജ് ആരംഭിക്കുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുൻപെങ്കിലും കുത്തിവെപ്പുകൾ പൂർത്തിയാക്കിയിരിക്കണം. ‘സിഹത്തീ’ ആപ്പ് വഴി വാക്സിനേഷനുള്ള ബുക്കിംഗ് നടത്താം. ഗർഭിണികൾക്കും ആരോഗ്യപരമായ മുൻകരുതലുകൾ പാലിച്ച് ഈ വാക്സിനുകൾ സ്വീകരിക്കാമെന്ന് മന്ത്രാലയം.