LATEST

6/recent/ticker-posts

Header Ads Widget

നിയമസഭാ സമ്മേളനം: വന്ദേമാതരം മുഴുവൻ വായിച്ചില്ല, ലോക്ഭവൻ നിർദേശം തള്ളി സർക്കാർ; 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു, ക്ഷേമ പെൻഷൻ 3000 ആക്കും

 



തിരുവനന്തപുരം : 16-ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ സർക്കാരും ലോക്ഭവനും തമ്മിൽ കല്ലുകടി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിന്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേരള പൊലീസിൻ്റെ ബാൻ്റ് വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തി. ഇന്നലെ റിഹേഴ്സ്‌സൽ കണ്ടപ്പോൾ തന്നെ വന്ദേ മാതരം മുഴുവൻ പാടാൻ ലോക് ഭവൻ നിർദേശിച്ചിരുന്നു. ഇതോടെ ഗവർണറുടെയും ലോക്ഭവന്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. എന്നാൽ നയപ്രഖ്യാപന പ്രസംഗം മലയാളത്തിൽ നമസ്‌കാരം പറഞ്ഞ് തുടങ്ങിയ ഗവർണർ തുടക്കത്തിൽ എതിർപ്പോ വന്ദേ മാതരം സംബന്ധിച്ച എന്തെങ്കിലും പരാമർശമോ നടത്തിയില്ല.

നയപ്രഖ്യാപന പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്ചവെക്കും. ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും ഉറപ്പാക്കും.മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകും. സേവന മേഖലയിൽ നിന്ന് പിന്മാറില്ല. കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അർഹവുമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.


ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരന്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചു. 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികൾ നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചു. റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവർത്തിക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.


തീയറ്റർ മേഖലക്ക് പ്രോത്സാഹനം നൽകും. രാജ്യാന്തര ചലച്ചിത്രമേള മറ്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കും. തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കി.

Post a Comment

0 Comments