കോഴിക്കോട്: മെയ് നാലിന് നടക്കുന്ന നിയമസഭതിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിൽ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങൾ. ജില്ലയിലെ 13 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വടകര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മടപ്പള്ളി ഗവ. കോളേജിലും കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലേത് കൂടത്തായി സെൻ്റ് മേരീസ് എച്ച്.എസ്.എസിലും പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂർ മണ്ഡലങ്ങളിലേത് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എന്നിവിടങ്ങളിലുമായി നടക്കും. രാവിലെ ആറ് മണിയോടെ സ്ട്രോങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. തപാൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ് റൂമാണ് ആദ്യം തുറക്കുക. എട്ടു മണിയോടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എണ്ണൽ 8.30നാണ്ആരംഭിക്കുക. വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കുക. ഏജന്റുമാർക്കും ഉദ്യോഗസ്ഥർക്കും പ്രവേശിക്കാനായി പ്രത്യേക കവാടങ്ങൾ സജ്ജീകരിക്കും. മൊബൈൽ ഫോണുകൾ കൗണ്ടിങ് ഹാളിൽ അനുവദിക്കില്ല. ഫോണുകൾ സൂക്ഷിക്കാൻ പ്രവേശന കവാടത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. എല്ലാ ടേബിളുകളും കാണുന്ന തരത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. വോട്ടെണ്ണൽ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കാൻ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും. ഏജന്റുമാർക്കുള്ള പാസ് റിട്ടേണിങ് ഓഫീസർമാർ മുഖേന കൈമാറും. വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്ന ആദ്യഘട്ട റാൻഡമൈസേഷൻ 27ന് നടക്കും. രണ്ടാംഘട്ട റാൻഡമൈസേഷൻ മെയ് രണ്ടിനും മൂന്നാംഘട്ടം മെയ് നാലിന് പുലർച്ചെ അഞ്ചിനും നടക്കും. ഇവർക്കുള്ള പരിശീലനം ഏപ്രിൽ 29, 30, മെയ് മൂന്ന് തീയതികളിലായി നടക്കും. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ എസ് ഗൗതംരാജ്, ഇലക്ഷൻ ഡെപ്യൂട്ടി കലക്‌ടർ വി സുപിൻ, നോഡൽ ഓഫീസർമാർ, റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

0 Comments