മലപ്പുറം: കനത്ത ചൂടിൽ പൊള്ളി കേരളം. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിരവധി പേർക്ക് സൂര്യാതപമേറ്റു. വണ്ടൂരിൽ നാലു വയസുകാരിക്കാണ് സൂര്യാതപമേറ്റത്. വണ്ടൂർ സ്വദേശി ഇസ ജോണിനാണ് മുറ്റത്ത് കളിക്കുന്നതിനിടെ ശരീരത്തിലാകെ പൊള്ളലേറ്റത്. ഉടൻ തന്നെ വണ്ടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അതിനിടെ, കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികക്കും സൂര്യാതപമേറ്റു. വളയം ചെറുമോത്തെ അങ്കണവാടി അധ്യാപിക അനിലയുടെ വലത് കൈതണ്ടയിലാണ് പൊള്ളലേറ്റത്. രണ്ട് ദിവസം മുമ്പ് തൂണേരിയിലെ അങ്കണവാടി ഹെൽപ്പർക്കും സൂര്യാതപമേറ്റിരുന്നു. കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്കും സൂര്യാതപമേറ്റു. ഇരു കൈകളിലും കഴുത്തിലും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഒഡിഷ സ്വദേശിയായ പാണ്ഡവ ബൈര യ്ക്കാണ് പൊള്ളലേറ്റത്. കൂടെ ജോലി ചെയ്യുന്നവരാണ് പാണ്ഡവ ബൈരയെ ആശുപത്രിയിലെത്തിച്ചത്.
കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. പള്ളിപ്പൊയിൽ സ്വദേശി എം.വി സനൽകുമാറാണ് മരിച്ചത്. കിണർ പണിക്കിടെ ഇന്നലെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടർമാർ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശവും നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

0 Comments