പെരിന്തൽമണ്ണ | താഴെക്കോട് അരക്കുപറമ്പിൽ വാക്കുതർക്കത്തെത്തുടർന്ന് ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇബ്രാഹിം പടി ചേരികല്ലൻ ഷഫ്ന (25) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് വിടവാങ്ങിയത്.
സംഭവത്തിൽ ഭർത്താവും ഓട്ടോ ഡ്രൈവറുമായ മുൻഷിദിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പെരിന്തൽമണ്ണയെ നടുക്കിയ സംഭവം നടന്നത്.
വീട്ടിലുണ്ടായ തർക്കത്തിനൊടുവിൽ മുൻഷിദ് ഷഫ്നയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയും അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഭർത്താവ് തന്നെയാണ് തന്നെ അപായപ്പെടുത്തിയതെന്ന് ഷഫ്ന വെളിപ്പെടുത്തിയിരുന്നു. മുൻഷിദിന്റെ മാതാപിതാക്കൾ ആശുപത്രിയിൽ പോയ സമയത്തായിരുന്നു കൃത്യം നടത്തിയത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
എട്ടുമാസം മുൻപാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇരുവരുടെയും ആദ്യ വിവാഹത്തിലുള്ള ഓരോ കുട്ടികളും ഇതേ വീട്ടിലുണ്ടായിരുന്നു. പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ പരിസരവാസികളായ സ്ത്രീകൾ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തി.
ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#perinthalmanna #PoliceArrest #murder

0 Comments