ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ. ഐആർജിസി നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നേരത്തെ രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യുകെ മാരിടൈം ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ കപ്പലുകളാണ് ഇറാൻ പിടിച്ചെടുത്തതെന്നാണ് സൂചന.
പനാമയുടെ പതാകയേന്തിയ എം.എസ്.സി ഫ്രാൻസിസ്‌ക, ലൈബീരിയൻ പതാകയുള്ള എപാമിനോണ്ടസ് എന്നീ ചരക്ക് കപ്പലുകളാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ എപാമിനോണ്ടാസ് എന്ന ലൈബീരിയൻ പതാകയുള്ള കപ്പൽ യുഎഇലെ ജബൽ അലി തുറമുഖത്ത് നിന്നും മുംബൈയിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്നാണ് കപ്പൽ ട്രാക്കിങ് ഡാറ്റയിൽ കാണിക്കുന്നത്. രണ്ട് കപ്പലുകളും ഇറാനിയൻ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാമതായി ഒരു ഗ്രീക്ക് കപ്പൽകൂടി ലക്ഷ്യമിട്ടതായി ഐആർജിസി വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

0 Comments