തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു പുറത്തുവരും. ഇതോടെ മുന്നണികളുടെ ഉത്കണ്ഠ പാരമ്യത്തിലെത്തും; വരുംദിവസത്തെ രാഷ്ട്രീയചർച്ചകളും അതിൽ കേന്ദ്രീകരിച്ചാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഏപ്രിൽ 29ന് ആയിരുന്നു. ദേശീയ ചാനലുകളുടെയും ഏജൻസികളുടെയും എക്‌സിറ്റ് പോളുകളിൽ ഏറിയ പങ്കും പ്രവചിച്ചത് എൽഡിഎഫ് തുടർഭരണമാണ്; ഫലം വന്നപ്പോൾ അതു യാഥാർഥ്യമാകുകയും ചെയ്തു. സർവേഫലങ്ങളെക്കാൾ എക്സിറ്റ് പോളുകൾക്കു വിശ്വാസ്യത കൂടുതലാണ് എന്നതിനാൽ ഇന്നു പുറത്തുവരുന്ന ഫലങ്ങളിൽ രാഷ്ട്രീയപാർട്ടികൾക്കും ഉദ്വേഗമേറെ. 'കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ ചാനലുകളൂടെയും എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നാണ്.
2021ലെ 11 എക്‌സിറ്റ് പോൾ ഫലങ്ങളിൽ ആറും എൽഡിഎഫിന് അനുകൂലമായിരുന്നു. 84-92, 104-120, 93-111, 72-79, 72-80, 71-77 എന്നിങ്ങനെയായിരുന്നു ആ പ്രവചനങ്ങൾ. വോട്ടെണ്ണിയപ്പോൾ 99 സീറ്റുമായി എൽഡിഎഫ് അധികാരം നിലനിർത്തി. 11ൽ ഒരു എക്സിറ്റ് പോളിൽ മാത്രമാണ് യുഡിഎഫ് മുന്നിലെത്തിയത്. ബാക്കി നാലും പ്രവചിച്ചത് ഒപ്പത്തിനൊപ്പമുള്ള മത്സരവും അതിൽ നേരിയ വിജയവുമായിരുന്നു. എൻഡിഎയെ സംബന്ധിച്ച കണക്കുകൂട്ടലുകൾ പക്ഷേ, മിക്കതിലും പിഴച്ചു. നാല് എക്സിറ്റ് പോളുകൾ 0-2 സാധ്യത പ്രവചിച്ചത് ഒഴിച്ചാൽ എൻഡിഎക്ക് ഉറപ്പായും സീറ്റ് ലഭിക്കുമെന്ന സാധ്യതയാണ് മറ്റെല്ലാ എക്‌സിറ്റ് പോളുകളിലും ഉണ്ടായിരുന്നത്. ഒരു എക്‌സിറ്റ് പോൾ എൻഡിഎക്ക് 2 മുതൽ 7 വരെ സീറ്റ് പ്രവചിച്ചു. വോട്ടെണ്ണിയപ്പോൾ പക്ഷേ, 2016ൽ തുറന്ന അക്കൗണ്ട് ബിജെപിക്ക് പൂട്ടേണ്ടിവന്നു.
ഇത്തവണ വോട്ടെടുപ്പിനു മുൻപു പുറത്തുവന്ന സർവേഫലങ്ങൾ സമ്മിശ്രമായിരുന്നു; എൽഡിഎഫിനും യുഡിഎഫിനും സാധ്യത കൽപിക്കപ്പെട്ടു. ചിലതിൽ ഒപ്പത്തിനൊപ്പമുള്ള മത്സരവും പ്രവചിക്കപ്പെട്ടു. സർവേകൾ ആർക്കും വ്യക്തമായ സാധ്യത നൽകാത്ത ഈ സാഹചര്യവും എക്സിറ്റ് പോളുകളെ സംബന്ധിച്ച ആകാംക്ഷ വർധിപ്പിക്കുന്നു.

0 Comments