*മലപ്പുറം:* അവധിക്കാലത്ത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് എം.ഡി.എം.എ ഒഴുകുന്നു. രണ്ട് ദിവസത്തിനിടെ മാത്രം പിടികൂടിയത് മൂന്നര കിലോയോളം എം.ഡി.എം.എ. യുവാക്കളെയും ലക്ഷ്യം വെച്ചാണ് ലഹരിയെത്തുന്നത്.
അവധിക്കാലം ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാനാണ് ലഹരിയെത്തിച്ചതെന്ന് ഇതുവരെ പിടിയിലായ ഒമ്പതു പേരും പൊലീസിനോടും എക്സെെസിനോടും പറഞ്ഞു. പ്രധാനമായും ബംഗളൂരുവിൽ നിന്നാണ് എം.ഡി.എം.എ കൊണ്ടുവരുന്നത്. മൊത്തമായി കൊണ്ടുവന്ന് ചെറിയ പായ്ക്കറ്റുകളാക്കി വിൽക്കുകയാണ് ചെയ്യുന്നത്. പിടിയിലായ പലരും ലഹരി ഉപയോഗിക്കുന്നവരാണ്. മറ്റു ചിലർ കാരിയർമാരാണ്. ഇവരിൽ യുവതികളും പെടുന്നു.
പന്തീരാങ്കാവിൽ പിടിയിലായതിൽ താമരശ്ശേരി സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ഫാത്തിമ നസ്രിൻ ഉണ്ടായിരുന്നു. വലിയ തുക പ്രതിഫലം ലഭിക്കുന്നതിനാൽ പലരും ലഹരി മാഫിയയുടെ കെണിയിൽ വീഴുന്നു. ലഹരി ഉപയോഗിച്ചു തുടങ്ങിയാൽ അതിൽ നിന്ന് രക്ഷയുണ്ടാകില്ലെന്ന് എക്സെെസ് അധികൃതർ പറയുന്നു. സ്കൂളുകളും കോളേജുകളിൽ കേന്ദ്രീകരിച്ചും ലഹരിമാഫിയ വൻതോതിൽ വിൽപ്പന നടത്തിയിരുന്നു. അവധിക്കാലമായതോടെ ഇവിടങ്ങളിലെ വിൽപ്പന മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് വിൽപ്പന ലക്ഷ്യമിട്ടാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷഫീക്ക് മൂന്ന് കിലോയിലധികം എം.ഡി.എം.എ കൊണ്ടുവന്നതെന്ന് എക്സെെസിനോട് പറഞ്ഞിരുന്നു.

0 Comments