വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നേമുക്കാൽ പവന്റെ സ്വർണ്ണപ്പാദസരം കവർന്നു. വണ്ടൂർ ശാന്തിനഗർ അക്കരപ്പറമ്പൻ അബ്ദുവിന്റെ മകൾ നജ്‌ലയുടെ പാദസരമാണ് മോഷ്ടാവ് മുറിച്ചെടുത്തത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കനത്ത ചൂട് കാരണം ജനലുകൾ തുറന്നിട്ട് ഉറങ്ങിയതായിരുന്നു മോഷ്ടാവിന് തക്കം ലഭിച്ചത്. വലതുകാലിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നജ്‌ല ഉണർന്ന് നോക്കിയപ്പോഴാണ് ജനലിന് സമീപം നിൽക്കുന്ന മോഷ്ടാവിനെ കണ്ടത്.
ഉടൻതന്നെ ബഹളം വെച്ചെങ്കിലും വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും പാദസരങ്ങളുമായി മോഷ്ടാവ് കടന്നുകളഞ്ഞിരുന്നു. സംഭവസമയത്ത് നജ്‌ലയെ കൂടാതെ ഏഴോളം പേർ വീട്ടിലുണ്ടായിരുന്നു. വീട്ടുകാരുടെ ഉറക്കത്തിനിടയിൽ ജനൽ വഴി കൈയിട്ടാണ് മോഷ്ടാവ് കവർച്ച നടത്തിയത്.
സംഭവത്തിൽ വണ്ടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
വേനൽക്കാലത്ത് ജനലുകൾ തുറന്നിട്ട് ഉറങ്ങുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണസംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഗ്രാമപ്രദേശങ്ങളിൽ ഒറ്റപ്പെട്ടതും അല്ലാത്തതുമായ വീടുകൾ കേന്ദ്രീകരിച്ച് ജനൽ വഴി സ്വർണാഭരണങ്ങൾ കവരാൻ മോഷ്ടാക്കൾ രാത്രിയിൽ ഇനിയും എത്താനിടയുണ്ട്. അതിനാൽ ജനൽ തുറന്നിട്ട് സമീപത്ത് കട്ടിലിൽ കിടന്നുറങ്ങരുതെന്നാണ് പൊലീസിൻ്റെ മുന്നറിയിപ്പ്.
ചൂട് നല്ലപോലെ കുറയുന്നതിനാൽ ജനങ്ങൾ ഏറ്റവും നന്നായി ഉറങ്ങുന്ന പുലർച്ച രണ്ടിന് ശേഷമുള്ള സമയങ്ങളിലാണ് മോഷണങ്ങൾ കൂടുതലായും ഉണ്ടാകുന്നതെന്നും പൊലീസ്.

0 Comments