LATEST

6/recent/ticker-posts

Header Ads Widget

എണ്ണക്കമ്പനികളുടെ അപ്രതീക്ഷിത നടപടി എണ്ണ വില വര്‍ധിപ്പിക്കാനോ, തെരഞ്ഞെടുപ്പ് നാളെ അവസാനിക്കുന്നതോടെ ആശങ്ക, പമ്പുകളില്‍ നീണ്ട ക്യൂ



ദില്ലി: ബംഗാളില്‍ അവസാന ഘട്ട പോളിങ് അവസാനിക്കുന്നതോടെ രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം.ഡീലർമാർക്കുള്ള സ്റ്റോക്കില്‍ നിയന്ത്രണം കടുപ്പിച്ച്‌ എണ്ണക്കമ്പനികള്‍ നിർദേശം നല്‍കിയതോടെയാണ് വിലക്കയറ്റ ഭീതി ഉയർന്നത്. എന്നാല്‍, ആവശ്യത്തിന് വിതരണം നടത്താത്ത ഡീലർമാരുടെ സ്റ്റോക്കിലാണ് നിയന്ത്രണം കടുപ്പിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. രണ്ടു ദിവസത്തേക്കുള്ള ഇന്ധനം സ്റ്റോക്ക് ചെയ്താല്‍ മതിയെന്നും ഉദ്യോഗസ്ഥരുടെ അനുമതി തേടിയ ശേഷം മാത്രം ടാങ്ക് ട്രക്കുകള്‍ ടെർമിനലുകളിലേക്ക് അയച്ചാല്‍ മതിയെന്നുമാണ് ഡീലർമാർക്കുള്ള നിർദ്ദേശമെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നു. പമ്പുകള്‍ക്ക് രണ്ടു ദിവസം കൂടുമ്പോള്‍ മാത്രമാണ് ഒരോ ലോഡ് ഇന്ധനം നല്‍കുന്നതെന്നും പറയുന്നു. വിലകൂടുമ്പോള്‍ ഡീലർമാർ സ്റ്റോക്കില്‍ വർധന വരുത്തി അമിത ലാഭമെടുക്കാതിരിക്കാനുള്ള നടപടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്. എന്നാല്‍ വിതരണം കുറയ്ക്കുന്നത് പമ്പുകളില്‍ ഇന്ധനക്ഷാമത്തിനു കാരണമാകും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യത്തിന് എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുമ്പോഴാണ് ഈ നടപടിയെന്നും ശ്രദ്ധേയം.


ഒഡിഷയില്‍ ഒരു ഉപഭോക്താവിന് 50 ലിറ്ററില്‍ കൂടുതല്‍ പെട്രോളും 500 ലിറ്ററില്‍ കൂടുതല്‍ ഹൈ സ്പീഡ് ഡീസലും (HSD) വില്‍ക്കരുതെന്ന് ഇന്ധന പമ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യം കർശനമായി പാലിക്കാനും നിർദേശം നല്‍കി. പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ വൻതോതില്‍ വാങ്ങാനുള്ള വ്യവസായങ്ങളുടെ ശ്രമങ്ങളെ തടയുന്നതിനായി എണ്ണക്കമ്പനികള്‍ ഇന്ധന വില്‍പ്പനയില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. നിലവില്‍, വ്യാവസായിക ഡീസലിന് ലിറ്ററിന് വാണിജ്യ ഡീസലിനേക്കാള്‍ ഏകദേശം 22 രൂപ കൂടുതലാണ് ഈടാക്കുന്നത്. വ്യവസായങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ വൻതോതില്‍ വാങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ജനറല്‍ സഞ്ജയ് ലാത്ത് പറഞ്ഞു. 500 ലിറ്ററില്‍ കൂടുതല്‍ ഡീസല്‍ നിറയ്ക്കുന്ന ഹെവി വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പങ്കിടാൻ പെട്രോള്‍ പമ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വില വര്‍ധിക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ പല സംസ്ഥാനങ്ങളിലെയും പെട്രോള്‍ പമ്പുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യമുണ്ട്. അതേസമയം, കെരഞ്ഞെടുപ്പിന് ശേഷം ഉടനടി വില പരിഷ്കരണം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞിരുന്നു.

Post a Comment

0 Comments